ന്യൂ ഡൽഹി: ബിജെപി ദേശീയ വര്ക്കിങ് പ്രസിഡന്റായ നിതിൻ നബീന് സിൻഹ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനാകും. നാളെയാണ് പ്രഖ്യാപനമുണ്ടാകുക. അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിതിന് നബീൻ മാത്രമാണ് നാമനിർദേശപത്രിക നൽകിയിരുന്നത്. അതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ മുതിർന്ന നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലാണ് നിതിൻ നബീന് അധ്യക്ഷനാകാനായി നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ധർമേന്ദ്ര പ്രധാൻ, ഭുപേന്ദ്ര യാദവ്, കിരൺ റിജിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. ദേശീയ, സംസ്ഥാന കൗൺസിൽ നേതാക്കൾ ഉൾപ്പെടുന്ന ഇലക്ടറൽ സമിതിയാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുക.
ദേശീയ അധ്യക്ഷനായുള്ള ജെ പി നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ച് തവണ ബിഹാര് എംഎല്എയായ നിതിന് നബീന് ഡിസംബര് 14-നാണ് ബിജെപിയുടെ വര്ക്കിങ് പ്രസിഡന്റായി നിയമിതനായത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താത്പര്യപ്രകാരമായിരുന്നു നിതിനെ വര്ക്കിങ് പ്രസിഡന്റായി നിയമിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ പട്നയിലെ ബാങ്കിപ്പൂര് മണ്ഡലത്തില് നിന്നുള്ള എംഎല്എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിൻ നബീൻ. അന്തരിച്ച ബിജെപി നേതാവ് നബീന് കിഷോര് സിന്ഹയുടെ മകന് കൂടിയാണ്.
എബിവിപിയില് നിന്ന് തന്നെ രാഷ്ട്രീയ പ്രവര്ത്തനം ആരംഭിച്ചയാളാണ് നിതിന്. അച്ഛന്റെ മരണശേഷം 2000ല് ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് കാലെടുത്തുവച്ചു. 2010 മുതല് 2025 വരെ വിജയക്കൊടി പാറിച്ചുകൊണ്ട് തന്നെയായിരുന്നു നിതിന്റെ യാത്ര. ഇക്കാലത്ത് നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ വകുപ്പുകളും നിതിന് കൈകാര്യം ചെയ്തു.
Content Highlights: Nitin Nabin set to be BJPs national president, declaration to happen tomorrow