ബെംഗളൂരു: കർണാടക ഡിജിപി കെ രാമചന്ദ്ര റാവു വീണ്ടും വിവാദത്തിൽ. ഓഫീസിനുള്ളിൽവെച്ച് യുവതികളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രാമചന്ദ്ര റാവു വിവാദത്തിലായത്. രാമചന്ദ്ര റാവു ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
എട്ട് വർഷങ്ങൾക്ക് ബെലഗാവിലയിൽ രാമചന്ദ്ര റാവു ജോലി ചെയ്തിരുന്നു. ഈ സമയത്ത് പകർത്തപ്പെട്ടതാണ് ദൃശ്യങ്ങളെന്നാണ് കരുതപ്പെടുന്നത്. വീഡിയോയിൽ ഒരു യുവതിയോട് രാമചന്ദ്ര ബാബു അടുത്തിടപഴകുന്നത് കാണാം. എന്നാൽ വീഡിയോ എ ഐ ഉപയോഗിച്ച് നിർമിച്ചതാണ് എന്നാണ് രാമചന്ദ്ര റാവുവിൻ്റെ വാദം. ഈ കാലഘട്ടത്തിൽ എന്തും സംഭവിക്കാമെന്നും തനിക്ക് ഈ സംഭവത്തിനെപ്പറ്റി തീരെ അറിവില്ലെന്നുമാണ് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കണ്ട ശേഷം രാമചന്ദ്ര റാവു പ്രതികരിച്ചത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും റാവു വ്യക്തമാക്കി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദൃശ്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ റാവുവിനെതിരെ നടപടിയെടുക്കുമെന്നും ഒരാളും നിയമത്തിന് അതീതരല്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛൻ കൂടിയാണ് രാമചന്ദ്ര റാവു. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രന്യ റാവുവിനൊപ്പം രാമചന്ദ്ര റാവുവിന്റെ പേരും ഉയർന്നുകേട്ടിരുന്നു. പിന്നാലെ കേസ് അന്വേഷിച്ച അന്വേഷണ സംഘം രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചിരുന്നു.
Content Highlights: DGP ramachandra rao clips with women out; siddaramaiah orders investigation