'വിയോജിക്കാം,പക്ഷെ അപമാനിക്കരുത്'; A R റഹ്മാന് പിന്തുണയുമായി കൈലാഷ് മേനോൻ; പോസ്റ്റ് ഷെയർ ചെയ്ത് ഖദീജ

സൈബർ ആക്രമണത്തിൽ എ ആർ റഹ്മാന് പിന്തുണയുമായി സംഗീത സംവിധായകൻ കൈലാഷ് മേനോൻ

ന്യൂ ഡൽഹി: ബിബിസി ഏഷ്യൻ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ ഉയർന്ന സൈബർ ആക്രമണത്തിൽ എ ആർ റഹ്മാന് പിന്തുണയുമായി സംഗീത സംവിധായകൻ കൈലാഷ് മേനോൻ. ''വിയോജിക്കാം പക്ഷെ അപമാനിക്കരുത്' എന്ന തലക്കെട്ടോടെ' ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൈലാഷ് റഹ്മാന് പിന്തുണ അറിയിച്ചത്. റഹ്മാൻ്റെ മകൾ ഖദീജ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

'എ ആർ റഹ്മാൻ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവമാണ്. അദ്ദേഹത്തെ സംബന്ധിച്ച് അതാണ് ശരി. നിങ്ങൾക്ക് അദ്ദേഹവുമായി വിയോജിക്കാം എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാൻ സാധിക്കില്ല' എന്ന് കൈലാഷ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ സംഗീതത്തെ ലോകാതിർത്തികൾ വരെ എത്തിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം തുറന്നു പറഞ്ഞ അനുഭവങ്ങളുടെ പേരിൽ അപമാനിക്കുന്നതെന്നും കൈലാഷ് മേനോൻ ചൂണ്ടിക്കാണിച്ചു. എ ആർ റഹ്മാന്റെ വിശ്വാസത്തെയും സൃഷ്ടികളെയും വിമർശിക്കുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ അനുഭവത്തെ കേവലം ഒരു 'ഇരവാദം' മാത്രമാക്കി മാറ്റുകയും ചെയ്യുന്നത് ശരിയല്ലെന്നും കൈലാഷ് മേനോൻ പറഞ്ഞു. സൈബർ ഇടങ്ങളിൽ നടത്തുന്ന ആക്രമണങ്ങളെ വിമർശനമായി കരുതാൻ കഴിയില്ല. അത് 'വിദ്വേഷ പ്രസംഗം' ആണ് എന്നും കൈലാഷ് മേനോൻ പറഞ്ഞു. വിയോജിക്കുന്നത് തെറ്റല്ലെന്നും എന്നാൽ ഒരു ശരാശരി വിയോജിപ്പ് എന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും സൈബർ ആക്രമണങ്ങളിലേക്കും കാര്യങ്ങൾ എത്തി നിൽക്കുന്നത് ശരിയായ രീതിയല്ലെന്നും കൈലാഷ് മേനോൻ പോസ്റ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എ ആർ റഹ്‌മാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്ക് ബോളിവുഡിൽ നിന്ന് ഓഫറുകൾ കുറയുന്നതായും വെളിപ്പെടുത്തിയ റഹ്‌മാൻ അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാന്ന് പറഞ്ഞുകേള്‍ക്കുന്നതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ഛാവ' ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പ്രൊജക്ടാണെന്ന് മനസിലായെന്ന് കൂടി എ ആർ റഹ്‌മാൻ പറഞ്ഞതോടെയാണ് സൈബർ ആക്രമണത്തിന് വഴി ഒരുങ്ങിയത്.

Content Highlights: Oscar-winning composer AR Rahman is facing cyber attack after speaking openly about his experience in the Hindi film industry.

To advertise here,contact us