ജയ്പൂര്: ഡല്ഹി കലാപ ഗൂഢാലോചനക്കേസില് വിചാരണ പോലുമില്ലാതെ ജയിലില് കഴിയുന്ന ജെഎന്യു പൂര്വ വിദ്യാര്ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര് ഖാലിദിന് വേഗത്തിലുള്ള വിചാരണയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി മുന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിലവിലെ സാഹചര്യത്തില് വിചാരണ വേഗത്തില് നടത്താന് കഴിയുന്നില്ലെങ്കില് ജാമ്യം നിയമമാക്കണമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ജയ്പൂര് ലിറ്ററേച്ചര് ഫെസ്റ്റിവലില് മാധ്യമപ്രവര്ത്തകന് വീര് സംഘ്വിയുമായി സംസാരിക്കുകയായിരുന്നു ഡി വൈ ചന്ദ്രചൂഢ്.
ഉമര് ഖാലിദിന്റെ ജാമ്യാപേക്ഷ തുടര്ച്ചയായി തള്ളുന്ന വിഷയം വീര് സംഘ്വി ഉയര്ത്തിയപ്പോഴായിരുന്നു ചന്ദ്രചൂഢിന്റെ പ്രതികരണം. താന് കോടതിയെ വിമര്ശിക്കുകയല്ലെന്നും പൊതുസമ്മര്ദമോ മുന്വിധികളോ നോക്കിയാവരുത് ജഡ്ജിമാര് ജാമ്യാപേക്ഷയില് വിധി പറയേണ്ടതെന്നും ചന്ദ്രചൂഢ് പറഞ്ഞു. തന്റെ മുന്നില് വരുന്ന തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാകണം ജഡ്ജിമാര് ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കേണ്ടതെന്നും ചന്ദ്രചൂഢ് വ്യക്തമാക്കി.
നിശ്ചയിച്ച കാലയളവില് വിചാരണ പൂര്ത്തിയാകാത്ത പക്ഷം തടവ് തന്നെ ശിക്ഷയായി മാറുകയാണ്. ആര്ട്ടിക്കിള് 21 പ്രകാരം ഒരാള്ക്ക് വേഗത്തിലുള്ള വിചാരണയ്ക്ക് അര്ഹതയുണ്ട്. ജാമ്യം നിയന്ത്രിക്കുന്ന നിയമങ്ങള്ക്ക് പോലും ഭരണഘടനാപരമായ ഉറപ്പുകളെ മറികടക്കാന് കഴിയില്ലെന്നും ചന്ദ്രചൂഢ് പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വാദം ഉയര്ന്നാല് ജഡ്ജിമാര് അതിന് മുന്നില് അന്ധമായി കീഴടങ്ങേണ്ടതില്ല. ദേശീയ സുരക്ഷ എന്നതുപോലെ തന്നെ ഒരാളെ ദീര്ഘകാലമായി തടവിലിടുന്നത് നീതീകരിക്കാന് കഴിയുന്നതാണോ എന്ന് പരിശോധിക്കണമെന്നും ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.
തന്റെ കാലത്ത് സുപ്രീംകോടതി ഏകദേശം 21,000 ജാമ്യാപേക്ഷകള് തീര്പ്പാക്കിയിട്ടുണ്ടെന്നും ചന്ദ്രചൂഢ് പറഞ്ഞു. ഇതില് പെതുശ്രദ്ധ നേടാത്ത നിരവധി കേസുകളുണ്ട്. പൊതുജനങ്ങളെ തൃപ്തിപ്പെടുത്തുകയല്ല, മറിച്ച് ഭരണഘടനാപരമായ സന്തുലനാവസ്ഥ നിലനിര്ത്തുകയാണ് കോടതിയുടെ ദൗത്യമെന്നും ചന്ദ്രചൂഢ് കൂട്ടിച്ചേര്ത്തു.
ഡല്ഹി കലാപ ഗൂഢാലോചനക്കേസില് അഞ്ച് വര്ഷമായി ജയിലില് കഴിയുകയാണ് ഉമര് ഖാലിദ്. ഇക്കഴിഞ്ഞ ജനുവരിയില് ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഉമറിന് പുറമേ ഷര്ജീല് ഇമാമിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇരുവര്ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് വര്ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ല. ദേശീയ സുരക്ഷയെ ബാധിക്കുന്നകാതാണ് വിഷയമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
സിഎഎ-എന്ആര്സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില് ഡല്ഹി കലാപത്തിന് ഉമര് അടക്കമുള്ളവര് ഗൂഢാലോചന നടത്തിയെന്നാണ് ഡല്ഹി പൊലീസിന്റെ വാദം. 2020 സെപ്തംബറിലാണ് ഉമര് ഖാലിദിനെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര് എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല് ഗൂഢാലാചന, കലാപം സൃഷ്ടിക്കല്, നിയമവിരുദ്ധമായി സംഘം ചേരല്, യുഎപിഎ തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കുന്നതിനായി പതിനാല് ദിവസത്തേയ്ക്ക് കര്ക്കദുമ കോടതി ഉമര് ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.
Content Highlights-