പവാർ കുടുംബത്തിൻ്റെ പവർ ഹൗസുകളില്‍ ചോര്‍ച്ച; ശക്തികേന്ദ്രങ്ങളിൽ എൻസിപി വിഭാഗങ്ങളെ 'വിഴുങ്ങി' ബിജെപി

മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച തന്ത്രം പാളിയതോടെ ഒന്നുകിൽ ബിജെപിയുടെ താൽപ്പര്യത്തിന് കീഴ്‌പ്പെട്ട്‌ സഖ്യത്തിൽ തുടരാനോ അല്ലെങ്കിൽ ശരദ് പവാർ വിഭാ​ഗവുമായി ലയിക്കാനോ അജിത് പവാർ നിർബന്ധിതനായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൻസിപിയിലെ രണ്ട് വിഭാ​ഗങ്ങൾക്കും തിരിച്ചടി. അജിത് പവാറും ശരദ് പവാറും ഒരുമിച്ച് മത്സരിച്ചിട്ടും പിംപ്രി-ചിഞ്ച്‌വാഡിലെ ശക്തി കേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കാത്തത് ഇരു പാർട്ടികളെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്. 2023ൽ എൻസിപിയെ പിളർത്തി മഹായുതി സഖ്യത്തിൽ ചേർന്ന അജിത് പവാർ ഇത്തവണ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായി ശരദ് പവാറുമായി കൈകോർക്കുകയായിരുന്നു. പരമ്പരാഗത ശക്തികേന്ദ്രമായ പിംപ്രി-ചിഞ്ച്‌വാഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുവിഭാ​ഗവും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ മേഖലയില്‍ പവാർ കുടുംബത്തിൻ്റെ കരുത്ത് ചോരുന്നു എന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ ശരദ് പവാർ വിഭാ​ഗം എൻസിപി അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ‌അജിത് പവാർ വിഭാ​ഗത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഒരു കാലത്ത് പവാർ കുടുംബത്തിൻ്റെ ശക്തിദുർഗ്ഗമായിരുന്ന പിംപ്രി-ചിഞ്ച്‌വാഡിൽ പിടിച്ച് നിന്നു എന്ന് വേണമെങ്കിൽ ആശ്വസിക്കാം എന്ന് മാത്രം.

128 അംഗങ്ങളുള്ള പിംപ്രി-ചിഞ്ച്‌വാഡ് മുൻസിപ്പിൽ കോർപ്പറേഷനിൽ 35 സീറ്റുകൾ മാത്രമേ എൻസിപി സഖ്യത്തിന് നേടാനായുള്ളു. എന്നാൽ 87 സീറ്റുകൾ നേടിയ ബിജെപി പവാർ കുടുംബത്തിൻ്റെ ശക്തികേന്ദ്രത്തിൽ കരുത്ത് തെളിയിച്ചു. ഒരു സീറ്റിൽ മാത്രമാണ് ശരദ് പവാർ വിഭാ​ഗത്തിന് വിജയിക്കാൻ സാധിച്ചത്. പവാർ കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യവും കരുത്തും പിംപ്രി-ചിഞ്ച്‌വാഡിൽ ​ഗുണകരമാകുമെന്നായിരുന്നു ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ശരദ് പവാറും അജിത് പവാറും കണക്ക് കൂട്ടിയിരുന്നത്. എന്നാൽ നേതാക്കൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചപ്പോഴും പരസ്പരം വേർപിരിഞ്ഞതോടെ രണ്ട് തട്ടിലായി പോയ അണികൾ അത് ഉൾക്കൊണ്ടില്ല എന്ന് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അവരുടെ പാരമ്പര്യവും ബിജെപിയെ തകർക്കാൻ പര്യാപ്തമായിരുന്നില്ല. പ്രചാരണ വേളയിൽ വ്യക്തമായ സന്ദേശങ്ങളോ വാഗ്ദാനങ്ങളോ മുൻ നിർത്തി വോട്ടർമാരെ അഭിമുഖീകരിക്കാൻ എൻസിപിയിലെ ഇരുവിഭാ​ഗങ്ങൾക്കും സാധിച്ചില്ല.

ബിജെപിയെ വെല്ലുവിളിച്ച് ശരദ് പവാറുമായി യോജിച്ച് മത്സരരം​ഗത്ത് ഇറങ്ങിയ അജിത് പവാർ വിഭാ​ഗത്തിൻ്റെ ഭരണ സഖ്യത്തിലെ ഭാവി കൂടിയാണ് ഇതോടെ തുലാസിലായിരിക്കുന്നത്. പൂനെയിലും മഹായുതി സഖ്യത്തിലെ അമരക്കാരായ ബിജെപിക്കെതിരെ അജിത് പവാർ വിഭാ​ഗം ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. എന്നാൽ അവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ അജിത് പവാർ വിഭാ​ഗത്തിന് സാധിച്ചിരുന്നില്ല. ശക്തികേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തിയതോടെ മഹായൂതി സഖ്യത്തിൽ അജിത് പവാറിൻ്റെ വിലപേശൽ ശക്തികൂടിയാണ് ദുർബലമായിരിക്കുന്നത്. മുൻസിപ്പിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച തന്ത്രം പാളിയതോടെ ഒന്നുകിൽ ബിജെപിയുടെ താൽപ്പര്യത്തിന് കീഴ്‌പ്പെട്ട്‌ സഖ്യത്തിൽ തുടരാനോ അല്ലെങ്കിൽ ശരദ് പവാർ വിഭാ​ഗവുമായി ലയിക്കാനോ അജിത് പവാർ നിർബന്ധിതനായേക്കും എന്നാണ് വിലയിരുത്തൽ. ഈ മാസാവസാനം നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ അജിത് പവാർ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണ്ണായകമാണ്.

പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെയാണ് ശരദ് പവാറുമായി കൈകോർക്കാൻ അജിത് പവാർ തയ്യാറായത്. പിംപ്രി-ചിഞ്ച്‌വാഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജിത് പവാർ ഉന്നയിച്ച ആരോപണം ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അജിത് പവാറിനെ കൂടെ കൊണ്ടുപോകുന്നതിൽ ഖേദിക്കുന്നു എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാൻ ഇതിനോട് പ്രതികരിച്ചത്. പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും പരാജയപ്പെട്ടെങ്കിലും അഹല്യന​ഗറിൽ ബിജെപിയുമായി ചേർന്ന് വിജയിക്കാൻ കഴിഞ്ഞത് അജിത് പവാർ‌ വിഭാ​ഗത്തിന് ചെറിയ ആശ്വാസം പകരുന്നുണ്ട്. കുടുംബത്തിൻ്റെ ഐക്യമെന്ന നിലയിലുള്ള സഹകരണം അവസാനിപ്പിക്കണമോ അതോ ബിജെപിയുമായി ചേർന്ന് ഭരണസഖ്യത്തിൽ തുടരണമോ എന്നതിൽ അജിത് പവാർ വൈകാതെ ഉറച്ച തീരുമാനം എടുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹായുതി തിരിച്ചടി നേരിട്ടെങ്കിലും പൂനെ പാർലമെൻ്റ് മണ്ഡലത്തിൽ ബിജെപി വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി വിഭാ​ഗങ്ങളുടെ ശക്തികേന്ദ്രങ്ങളായ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയമസഭാ സീറ്റുകളിൽ മത്സരിച്ചിടത്തെല്ലാം ബിജെപി വിജയിച്ചു. പൂനെ മേഖലയിൽ മത്സരിച്ച എട്ട് സീറ്റും പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ മത്സരിച്ച രണ്ട് സീറ്റും ബിജെപി സ്വന്തമാക്കി. ഇത്തവണ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൻസിപി വിഭാ​ഗങ്ങളുടെ വെല്ലുവിളിയെ മറികടന്ന് ഈ രണ്ട് മേഖലകളിലും മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ചിരിക്കുകയാണ്. 2017-2022 കാലഘട്ടത്തിൽ സഖ്യത്തിൻ്റെ ഭാ​ഗമായി പിംപ്രി-ചിഞ്ച്‌വാഡ് മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപി ഇത്തവണ ഒറ്റയ്ക്ക് ഭരണം പിടിച്ചിരിക്കുകയാണ്.

നിലവിൽ ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ശരദ് പവാറിൻ്റെ കരിസ്മയും ദുർബലപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എൻസിപിയുടെ സമുന്നത നേതാവ് എന്ന പദവിയിലേയ്ക്ക് മാറാനുള്ള നീക്കം അജിത് പവാർ നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ എൻസിപിയിലെ ഇരുവിഭാ​ഗവും താമസിയാതെ ഒറ്റപാർട്ടിയായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. സുപ്രിയ സുലെയെ ദേശീയ നേതൃത്വത്തിലേയ്ക്ക് മാറ്റി മഹാരാഷ്ട്രയിലെ എൻസിപി മുഖമായി മാറാൻ അജിത് പവാറിന് താൽപ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്തായാലും കുടുംബ മഹിമയുടെയും എൻസിപിയുടെ രാഷ്ട്രീയ അടിത്തറയുടെയും ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നു എന്ന് ശരദ് പവാറിനെയും അജിത് പവാറിനെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എൻസിപി ശക്തികേന്ദ്രങ്ങളിൽ ബിജെപി ചുവട് ഉറപ്പിക്കുന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിൽ എൻസിപിയെ പുനരുജ്ജീവിപ്പിക്കാൻ ശരദ് പവാറുമായുള്ള തർക്കങ്ങൾ അജിത് പവാർ അവസാനിപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Content Highlights: In Maharashtra's 2026 municipal elections, BJP stormed Pawar family's traditional strongholds like Pune and Pimpri-Chinchwad, defeating united NCP (Sharad and Ajit Pawar) factions. Despite family reunion efforts, BJP's dominance signals major leakage in NCP's power houses and a shift in urban Maharashtra politics.

To advertise here,contact us