കൊൽക്കത്ത: പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൻ്റെ ക്രൂരത നിറഞ്ഞ സർക്കാരിനെ പുറത്താൻ സമയമായി എന്നായിരുന്നു മാൾഡയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെ നരേന്ദ്ര മോദി വ്യക്തമാക്കിയത്. ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സ്വന്തമായി ഒരു സ്ഥിരം വീട് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളുടെ മുഴുവൻ ആനുകൂല്യങ്ങളും അർഹതയുള്ളവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും മോദി പറഞ്ഞു. എന്നിരുന്നാലും സംസ്ഥാന തലത്തിലുള്ള അഴിമതി കാരണം ഈ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു.
'കേന്ദ്ര സർക്കാർ ദരിദ്രർക്കായി അയയ്ക്കുന്ന പണം ടിഎംസി നേതാക്കൾ കൊള്ളയടിക്കുകയാണ്. തൃണമൂൽ സർക്കാർ എന്റെയും ബംഗാൾ ജനതയുടെയും ശത്രുവായി മാറിയിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ പദ്ധതികൾ പശ്ചിമ ബംഗാൾ സർക്കാർ തടഞ്ഞു'വെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'ആയുഷ്മാൻ ഭാരത് അനുവദിക്കാത്ത ഒരേയൊരു സംസ്ഥാനം ബംഗാൾ മാത്രമാണ്. എന്റെ പദ്ധതിയിൽ നിന്ന് ദരിദ്രർക്ക് സഹായം ലഭിക്കാൻ ടിഎംസി ആളുകൾ അനുവദിക്കുന്നില്ല. ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്ന സർക്കാരിനോട് വിട പറയേണ്ട സമയമാണിതെന്നാ'യിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.
'മാൾഡയിൽ ഫാക്ടറികളുടെ അഭാവം മൂലം മാൾഡയിൽ നിന്നും മുർഷിദാബാദിൽ നിന്നുമുള്ള ആളുകൾ ജോലി തേടി കുടിയേറാൻ നിർബന്ധിതരായി. മമത ബാനർജി സർക്കാരിന്റെ നയങ്ങൾ കാരണം മാമ്പഴ കർഷകർ ദുരിതത്തിലായി. വെള്ളപ്പൊക്ക സമയത്ത് വലിയ തോതിലുള്ള അവഗണനയാണ് ഉണ്ടായ'തെന്നായിരുന്നു പ്രാദേശിക വിഷയങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള മോദിയുടെ പ്രതികരണം. ഗംഗ, ഫുലഹാർ നദികളിലെ മണ്ണൊലിപ്പ് കാരണം നൂറുകണക്കിന് വീടുകൾ നഷ്ടപ്പെട്ടു. ആളുകൾ സംരക്ഷണ ഭിത്തിക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ തൃണമൂൽ നിങ്ങളുടെ നിലവിളികൾക്ക് ചെവികൊടുത്തില്ലെന്നും മോദി പറഞ്ഞു. കേന്ദ്രം അയച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നും പകരം കൊള്ളയടിക്കപ്പെട്ടുവെന്നും സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് മോദി ആരോപിച്ചു. ബിജെപി സർക്കാർ രൂപീകരിക്കുന്ന നിമിഷം മുതൽ തൃണമൂൽ കോൺഗ്രസിൻ്റെ ഇത്തരം എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നിർത്തലാക്കുകയും ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തിന് ഒരു കൃത്യമായ പരിഹാരം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാൾഡയുടെ പ്രശസ്തമായ മാമ്പഴ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അധികാരത്തിൽ വന്നാൽ കൂടുതൽ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ബിജെപി സർക്കാർ അതിനെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകുമെന്നും മോദി കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ നിന്ന് പുറത്താക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും മോദി പറഞ്ഞു. ബംഗാളിലെ ജനസംഖ്യയിൽ അസമത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച മോദി ബംഗാളിൽ കലാപങ്ങൾ വർദ്ധിക്കുന്നുവെന്നും ആരോപിച്ചു. ബംഗാളിലെ ഭാഷയും സംസ്കാരവും ചിലർ മാറ്റുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളെയും മോദി പ്രസംഗത്തി. പരാമശിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രമെഴുതി എന്നായിരുന്നു മോദി ചൂണ്ടിക്കാണിച്ചത്. മഹാരാഷ്ട്രയിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഈ തിരഞ്ഞെടുപ്പുകളിൽ ബിജെപി ചരിത്രപരമായ വിജയം നേടി. പ്രത്യേകിച്ചും, ലോകത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നായ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി). മുംബൈയിൽ ബിജെപി ആദ്യമായി റെക്കോർഡ് വിജയം നേടിയിരിക്കുന്നു, ഇത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവവികാസമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും ബിജെപി അവരുടെ ആദ്യത്തെ മേയറെ തിരഞ്ഞെടുത്തു. ഒരുകാലത്ത് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന സ്ഥലങ്ങളിൽ പോലും പാർട്ടിക്ക് ഇപ്പോൾ അഭൂതപൂർവമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം.
Content Highlights: Prime Minister Narendra Modi launched a fierce attack on West Bengal Chief Minister Mamata Banerjee during a public rally in Malda, West Bengal, on January 17, 2026. Citing the BJP's recent historic win and election of its first mayor in Thiruvananthapuram Corporation