ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്.
ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ് എസ് ഐ ആർ നടപടികൾ നീട്ടിയിരിക്കുന്നത്. ജനുവരി 19ന് സമയപരിധി അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകൾ വഴിയും ഇക്കാര്യം ബിഎൽഒമാരെയും വോട്ടർമാരെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി.
സമയ പരിധി നീട്ടിയത് കൊണ്ടുതന്നെ വോട്ടർമാർക്ക് തങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാനും, തിരുത്തലുകൾക്കും എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിച്ചിരിക്കുകയാണ്.
2026ൽ നിയമസഭാ ഇലക്ഷൻ നേരിടുന്ന പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ യോഗ്യരായ എല്ലാ പൗരന്മാരെയും പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. സമയപരിധി നീട്ടിയതോടെ ഈ സംസ്ഥാനങ്ങളിൽ താമസിക്കുന്ന എന്നാൽ വിട്ടുപോയ വോട്ടർമാരെ ഉൾപ്പെടുത്താൻ കൂടുതൽ സമയമാണ് പ്രസ്തുത സംസ്ഥാനങ്ങൾക്ക് ലഭ്യമായിരിക്കുന്നത്. കുടിയേറ്റം, മരണം, ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ തുടങ്ങി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടവ ഒഴിവാക്കാനും പുതിയ വിവരങ്ങൾ ഉൾപ്പെടുത്താനും സമയം കൂടുതൽ ആവശ്യമായി വന്നതിനാലും വളരെ സൂക്ഷ്മതയോടെ എസ്ഐആർ പ്രക്രിയകൾ പൂർത്തിയാക്കേണ്ടതിനാലും ഇത് മൂന്നാം തവണയാണ് ഈ സംസ്ഥാനങ്ങളിൽ സമയപരിധി നീട്ടുന്നത്.
Content Highlights: Election Commission of India has extended the timeline for the Special Intensive Revision in Goa, Rajasthan, West Bengal, Puducherry and Lakshadweep. Notification has been released stating that the extended date is January 19.