മുംബൈയിൽ ബിജെപിയെ തോല്‍പ്പിച്ച് മലയാളി; ധാരാവിയിലെ 185-ാം വാർഡിൽ തുടര്‍വിജയവുമായി ഇരിഞ്ഞാലക്കുടക്കാരന്‍

കോണ്‍ട്രാക്റ്റ് ജോലിയും ഏറ്റെടുക്കാറുണ്ട്. കരാര്‍ ജോലിയില്‍ ചില കമ്പനികള്‍ പൈസ തരാതിരുന്നതോടെ ഇത് വസൂലാക്കാനായി ടൈംപാസിന് വേണ്ടിയാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് ജഗദീഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്

മുംബൈ: ബൃഹത് മുംബെെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ധാരാവിയില്‍ ഇത്തവണയും വിജയം നേടി മലയാളിയായ ജഗദീഷ് തൈപ്പള്ളി. രണ്ടാം തവണയാണ് ജഗദീഷിന്റെ വിജയം. 1,450 വോട്ടുകള്‍ക്കാണ് 185ാം വാര്‍ഡില്‍ നിന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവായ ജഗദീഷ് വിജയിച്ചത്. ബിജെപി നേതാവ് രവി രാജ തോറ്റു. കോണ്‍ഗ്രസ് നേതാവായിരുന്ന രവി രാജ 2024ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 26 ശതമാനം ദക്ഷിണേന്ത്യന്‍ വോട്ടര്‍മാരും 23 ശതമാനം മറാത്തി വോട്ടര്‍മാരും 16 ശതമാനം ഉത്തരേന്ത്യന്‍, മുസ്ലിം വോട്ടര്‍മാരും 15 ശതമാനം ഗുജറാത്തി വോട്ടര്‍മാരുമുള്ള വാര്‍ഡാണിത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് 40 വര്‍ഷം മുമ്പാണ് തൊഴില്‍ തേടി മുംബൈയിലെത്തിയത്. മുപ്പത് വര്‍ഷമായി ഇവിടെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമാണ്. 2017 ല്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി ബിഎംസിയിലേക്ക് മത്സരിച്ചപ്പോള്‍ 680 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്.

ബിസിനസുകാരനാണ് ജഗദീഷ്. കോണ്‍ട്രാക്റ്റ് ജോലിയും ഏറ്റെടുക്കാറുണ്ട്. കരാര്‍ ജോലിയില്‍ ചില കമ്പനികള്‍ പൈസ തരാതിരുന്നതോടെ ഇത് വസൂലാക്കാനായി ടൈംപാസിന് വേണ്ടിയാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് ജഗദീഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്. ശിവസേനയെന്ന് പറഞ്ഞാല്‍ മുംബൈക്കാര്‍ക്ക് ഭയമാണ്. അതുകൊണ്ട് മാത്രമാണ് ശിവസേനയില്‍ ചേര്‍ന്നത്. പിന്നീട് ഇവിടുത്തെ എംഎല്‍എ വഴി ശിവസേന ശാഖാപ്രമുഖ് ആയി. തൊട്ടടുത്ത കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് തരികയായിരുന്നു. നമ്മള്‍ പാവങ്ങളെ സഹായിച്ചാല്‍ അത് നമ്മളെ തിരിച്ചും സഹായിക്കുമെന്നും ജഗദീഷ് പറയുന്നു. തന്റെ വാര്‍ഡില്‍ നാലോ അഞ്ചോ മലയാളി കുടുംബങ്ങളെയുള്ളൂ. കൂടുതല്‍ മലയാളികള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ജയിക്കില്ലായിരുന്നുവെന്നും ജഗദീഷ് തമാശരൂപേണ നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Malayali T. M. Jagdish won on Brihanmumbai Municipal Corporation election

To advertise here,contact us