സൂറത്ത്: പട്ടത്തിന്റെ ചരട് കുടുങ്ങി നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ഒരുകുടുംബത്തിലെ മൂന്നുപേര്ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂറത്തിലെ സായിദ്പുര സ്വദേശിയായ റെഹാന് ഷെയ്ഖ് (35) ഭാര്യ റെഹന (30), മകള് അലീഷ എന്നിവരാണ് മരിച്ചത്.
പട്ടത്തിന്റെ ചരടില് കുടുങ്ങിയ വാഹനം ഫ്ളൈ ഓവറില് നിന്ന് താഴേക്ക് വീഴുകയായിരുന്നു. മൊറാഭാഗലിലെ സുഭാഷ് ഗാര്ഡനിലേക്ക് സഞ്ചരിക്കവെ ചന്ദ്രശേഖര് ആസാദ് പാല(ജിലാനി പാലം)ത്തിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും. മേല്പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോള് പെട്ടെന്ന് പട്ടത്തിന്റെ നൂല് റഹാനെ ചുറ്റുകയായിരുന്നു.
റെഹാന് ഒരു കൈ ഉപയോഗിച്ച് ചരട് ഊരിമാറ്റുകയും മറുകൈ ഉപയോഗിച്ച് ബൈക്ക് നിയന്ത്രിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്ന്ന് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. റെഹാനും അലീഷയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിര്ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില് വീണ റെഹനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: two wheeler crash caused by kite string leads to three deaths