കാണ്പൂര്: ഉത്തര്പ്രദേശിലെ കാണ്പൂരില് മലയാളി പാസ്റ്റര് അറസ്റ്റില്. മതപരിവര്ത്തനം ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര് ആല്ബിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ആല്ബിനെ കോടതിയില് ഹാജരാക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആൽബിന്റെ ഭാര്യയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.
മതപരിവര്ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടയുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ 25-ന് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബംജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം.
ഇവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുർഗിലെ കൊടുംകുറ്റവാളികൾ കഴിയുന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുഖ്മാൻ മണ്ഡാവിയേയും ജയിലിൽ അടച്ചു. ഒടുവിൽ ഒമ്പത് ദിവസങ്ങൾക്ക് ശേഷമായിരുന്നു കന്യാസ്ത്രീകൾക്ക് കടുത്ത വ്യവസ്ഥകളോടെ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: kanpur police arrest malayali pastor