പട്ന: ബിഹാറില് കോണ്ഗ്രസിന് വന് തിരിച്ചടിയായി എംഎല്എമാരുടെ നീക്കം. കൈപ്പത്തി ചിഹ്നത്തില് ജയിച്ച ആറ് എംഎല്എമാര് പാര്ട്ടി വിടാനൊരുങ്ങുകയാണ്. മനോഹര് പ്രസാദ് സിങ് (മനിഹാരി), സുരേന്ദ്ര പ്രസാദ് (വാല്മീകി നഗര്), അഭിഷേക് രഞ്ജൻ (ചന്പാട്ടിയ), അബിദുര് റഹ്മാന് (അറാരിയ), സുഹമ്മദ് കമറുള് ഹോഡ (കിഷന്ഗാനി), മനോജ് ബിസ്വാന് (ഫോര്ബസ്ഗാനി) എന്നിവരാണ് കോണ്ഗ്രസ് വിടാന് ശ്രമിക്കുന്നത്. ഇൌ നീക്കം യാഥാര്ത്ഥ്യമായാല് കോണ്ഗ്രസിന് എംഎല്എമാര് ഇല്ലാതാവും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളില് മാത്രമായിരുന്നു കോണ്ഗ്രസിന്റെ ജയം.
സംസ്ഥാനത്തെ കോണ്ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയാണ് എംഎല്എമാരെ മാറി ചിന്തിപ്പിക്കാന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. പാർട്ടി പരിപാടികൾ അടക്കം എംഎൽമാർ ബഹിഷ്കരിച്ചിരുന്നു. അനുനയിപ്പിക്കാന് സംസ്ഥാന നേതൃത്വവും എഐസിസിയും അടക്കം ഇടപെട്ടെങ്കിലുംഎംഎൽഎമാർ വഴങ്ങിയിരുന്നില്ല. കോണ്ഗ്രസുമായി ഉടക്കിയിറങ്ങിയ എംഎല്എമാര് ബിഹാര് മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചര്ച്ച നടത്തുകയും പാര്ട്ടിയുടെ ഭാഗമാകാന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
അതേസമയം തന്നെ എന്ഡിഎ സഖ്യ കക്ഷിയായ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്ച്ചയിലെ നാല് എംഎല്എമാര് ബിജെപിയില് ചേരാന് തീരുമാനിച്ചു. ബിജെപി-ജെഡിയു എംഎല്എമാരുടെ എണ്ണം വര്ധിപ്പിക്കാനുള്ള മത്സരത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള് എന്നാണ് റിപ്പോര്ട്ടുകള്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു ബിഹാറില് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 243 സീറ്റുകളില് 202 സീറ്റുകളും നേടിയായിരുന്നു എന്ഡിഎ അധികാരത്തില് എത്തിയത്. 89 സീറ്റുകള് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയു 85 സീറ്റുകളും നേടിയിരുന്നു. കോണ്ഗ്രസ് ഉള്പ്പെടുന്ന മഹാഗഡ്ബന്ധന് മുന്നണിക്ക് നേടാനായത് 35 സീറ്റുകള് മാത്രമായിരുന്നു. കഴിഞ്ഞ തവണ 61 സീറ്റുകള് നേടിയ കോണ്ഗ്രസ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. തേജസ്വി യാദവിന്റെ ആര്ജെഡിക്ക് നേടാനായത് 25 സീറ്റുകള് മാത്രമായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസം മാത്രം പിന്നിടുമ്പോഴാണ് ബിഹാറിലെ രാഷ്ട്രീയ നീക്കങ്ങള്.
Content Highlights- The Congress has faced a significant setback in Bihar after six of its MLAs resigned from the party.