തെരുവുനായകള്‍ക്ക് തീറ്റ കൊടുക്കുന്നവരും ഉത്തരവാദികൾ: കടുപ്പിച്ച് സുപ്രീംകോടതി; സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നല്‍കണം

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകണം, തീറ്റ കൊടുക്കുന്നവരും ഉത്തരവാദികളെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് കനത്ത നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും ഉത്തരവാദികളാണെന്നും കോടതി പറഞ്ഞു. നായകൾക്ക് തെരുവിൽ ഭക്ഷണം നൽകരുതെന്നും വീട്ടിൽ ക്കൊണ്ടുപോയി ഭക്ഷണം കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു.

തെരുവുനായ ആക്രമണങ്ങളെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ കര്‍മ്മ പദ്ധതികള്‍ നടത്താൻ തയ്യാറാക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചു. തെരുവുനായ ആക്രമണങ്ങളിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്യാതിരുന്നാല്‍ കനത്തപിഴ നൽകേണ്ടി വരും. മൃ​ഗസ്നേഹികൾ തെരുവ് നായകളെ പരിപാലിച്ചാൽ തെരുവുനായ ആക്രമണങ്ങളിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബാധ്യസ്തരാണെന്നും കോടതി വ്യക്തമാക്കി.

കുട്ടികൾക്കും പ്രായമായവർക്കും നേരേയുള്ള നായകളുടെ ഓരോ കടിക്കും, മരണത്തിനും, പരിക്കിനും സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് തെരുവുനായ വിഷയത്തിൽ വാദം നടത്തിയ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത, എൻ. വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നായപ്രേമികൾക്കായി നീണ്ട അഭിഭാഷക നിര ഹാജരാകുമ്പോൾ മനുഷ്യരുടെ ഭാഗം പറയാൻ ആരുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ഒൻപതുവയസ്സുള്ള കുട്ടിയെ നായകൾ ആക്രമിക്കുമ്പോൾ ആരെയാണ് ഉത്തരവാദിയാക്കേണ്ടതെന്ന് കോടതി ചോദിച്ചു. അവയ്ക്ക് തീറ്റ നൽകുന്ന സംഘടനയെയാണോ? അതോ പ്രശ്നത്തിൽ കണ്ണടച്ചിരിക്കണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. ഹർജി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.

Content Highlights: The Supreme Court ruled that states must pay heavy compensation to stray dog bite victims

To advertise here,contact us