മാഘ മേളയില്‍ രണ്ട് കോടി രൂപയുടെ പോര്‍ഷെ കാര്‍ ഓടിച്ച് ആത്മീയ നേതാവ്; ഇവയെല്ലാം യോഗികള്‍ക്കുള്ളതെന്ന് പ്രതികരണം

ആത്മീയ നേതാവിന്റെ ആഡംബര വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മുമ്പും വൈറലായിട്ടുണ്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘ മേളയില്‍ രണ്ട് കോടി രൂപയുടെ പോര്‍ഷെ കാര്‍ ഓടിച്ച് ആത്മീയ നേതാവ്. വാരണാസിയിലെ സതുവാ ബാബ പീഠത്തിന്റെ തലവനായ സതുവാ ബാബയാണ് മേളയില്‍ പോര്‍ഷെ ഓടിച്ചത്. മേളയിൽ സതുവയുടെ പന്തലിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന മൂന്ന് കോടി രൂപ വിലവരുന്ന ലാൻഡ് റോവറും 4.4 കോടി രൂപ വിലവരുന്ന പോർഷെ കാറുമാണ് ചർച്ചാ വിഷയമാകുന്നത്.

ആത്മീയ നേതാവിന്റെ ആഡംബര വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മുമ്പും വൈറലായിട്ടുണ്ട്. ബാബ മുമ്പ് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഓടിച്ചത് വിമര്‍ശനത്തിന് ഇടയായിരുന്നു.

എന്നാല്‍ ദേശീയ മാധ്യമത്തോട് സംസാരിച്ച ബാബ തന്റെ ആഡംബര വാഹന കളക്ഷനുകളെ ന്യായീകരിച്ചു. ഈ വിഭവങ്ങള്‍ യോഗികള്‍ക്കുള്ളതാണെന്നും ഭോഗികള്‍ക്ക് (ഹെഡോണിസ്റ്റുകള്‍) വേണ്ടിയല്ലെന്നും പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച അദ്ദേഹം, ഇന്ത്യ സനാതന ധര്‍മ്മം പിന്തുടരുന്നവരുടെയും ഭരണഘടനയെ ബഹുമാനിക്കുന്നവരുടെയും സ്വന്തമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സന്തോഷ് തിവാരി എന്നാണ് സതുവാ ബാബയുടെ യഥാർത്ഥ പേര്. ഉത്തർപ്രദേശിലെ ലളിത്പൂരിൽ നിന്നുള്ളയാളാണ്. 2025-ലെ മഹാകുംഭമേളയിലാണ് 'ജഗത്ഗുരു' എന്ന പദവി ലഭിച്ചത്.

കോടികൾ വിലമതിക്കുന്ന കാറുകളും ആഡംബര സ്റ്റൈലുംആഡംബര കാറുകളാണ് സതുവ ബാബയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. മൂന്ന് കോടി വിലവരുന്ന ഒരു ലാൻഡ് റോവർ ഡിഫെൻഡറും 4.4 കോടി വിലവരുന്ന ഒരു പോർഷെ ടർബോ 911 ഉം ഓടിക്കുന്നത് ശ്രദ്ധനേടിയിരുന്നു. കൂടാതെ, വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമൊപ്പം പോസ് ചെയ്തും ബ്രാൻഡഡ് റേ-ബാൻ സൺഗ്ലാസുകൾ ധരിച്ചുമുള്ള ബാബയുടെ ചിത്രങ്ങളും വൈറലായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വളരെ അടുപ്പമുള്ളയാളാണ് സതുവാ ബാബ. സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി സതുവാ ബാബ സുപ്രധാനമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി പൊതുവേദികളിൽ പ്രശംസിച്ചിട്ടുണ്ട്. പല മതപരമായ പരിപാടികളിലും മുഖ്യമന്ത്രിയോടൊപ്പം മുൻനിരയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. യോഗിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദർശനങ്ങളെ സതുവാ ബാബ പരസ്യമായി പിന്തുണയ്ക്കുകയും സനാതന ധർമ്മത്തിന്റെ പ്രചാരണം തന്റെ പ്രാഥമിക ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: prayagraj magh mela spiritual leader drives porsche car worth two crore

To advertise here,contact us