തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ

അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

ഹൈദരാബാദ്: തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200 തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപള്ളി ഗ്രാമങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്ന് സ്ഥാനാര്‍ത്ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ മൃതദേഹങ്ങള്‍ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ച് മൃഗക്ഷേമ പ്രവര്‍ത്തകന്‍ അടുലപുരം ഗൗതം മച്ചാറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

Content Highlights: Telangana has sparked widespread criticism after reports emerged that panchayat representatives killed around 500 stray dogs

To advertise here,contact us