'ഇന്ത്യക്കാര്‍ ഉടൻ ഇറാൻ വിടണം, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; പൗരന്മാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

അടിയന്തര സഹായത്തിനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിലുകളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോൾ മരണസംഖ്യ 2,500 കടന്നതോടെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്റ്റുഡൻ്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സഹായത്തിനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിലുകളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വെയ്ക്കണമെന്നും ഇന്ത്യൻ എംബസി പറഞ്ഞു . ഐഡി കാർഡുകൾ സംബന്ധിച്ച എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭക്കാരോട് പ്രക്ഷോഭം തുടരാന്‍ ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ഇറാനിലെ ഉദ്യോഗസ്ഥര്‍ വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തില്‍ എത്ര പേര്‍ മരിച്ചെന്നതില്‍ കൃത്യമായ കണക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെങ്കിലും ഇതാദ്യമായാണ് ഇറാൻ ഇത് അംഗീകരിക്കുന്നത്. പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് പിന്നിൽ തീവ്രവാദികൾ ആണെന്നാണ് ഇറാൻ്റെ വാദം. പ്രക്ഷോഭത്തിൽ അമേരിക്കയുടെയും ഇസ്രയേലിൻ്റെയും പിന്തുണ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും ഇറാൻ പ്രതികരിച്ചു.

നിലവില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തില്‍ മരണസംഖ്യ 2,500 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കടുത്ത മുറകള്‍ പ്രയോഗിക്കുന്നുണ്ട്.

പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും പ്രതിഷേധ മാര്‍ച്ചുകളും നടക്കുന്നുണ്ട്. ലണ്ടന്‍, പാരിസ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നത്. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രം​ഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ പ്രതിഷേധം വൻ തോതിൽ ആളിക്കത്തി. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്.

Content Highlight : 'Indians should leave Iran immediately and avoid travel to Iran'; Indian Embassy advises citizens. The Ministry of External Affairs also advised Indians to avoid travel to Iran until further notice.

To advertise here,contact us