ന്യൂഡല്ഹി: പാര്ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. രാജ്യസഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് ദിഗ്വിജയ് സിങ് പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രില് ഒമ്പതിന് ദിഗ്വിജയ് സിങിൻ്റെ ആറ് വര്ഷത്തെ രാജ്യസഭാ കാലാവധി അവസാനിപ്പിക്കും.
മധ്യപ്രദേശ് കോണ്ഗ്രസിലെ പട്ടികജാതി വകുപ്പ് പ്രസിഡന്റ് പ്രദീപ് അതിര്വാറിന്റെ അഭ്യര്ത്ഥനകള്ക്ക് പിന്നാലെയാണ് ദിഗ്വിജയ് സിങിൻ്റെ പ്രഖ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എസ്സി വിഭാഗങ്ങള്ക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രദീപ് അതിര്വാറിന്റെ ആവശ്യം.
ഇത്തവണ രാജ്യസഭാ സീറ്റിലേക്ക് എസ്സി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് ദിഗ്വിജയ് സിങിന് കത്തയച്ചിരുന്നു. ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസവും രാഷ്ട്രീയ പ്രാതിനിധ്യവും ഇതിലൂടെ വര്ധിക്കുമെന്നാണ് പ്രദീപ് കത്തില് വ്യക്തമാക്കുന്നത്. 'രാജ്യസഭയിലേക്ക് ഇത്തവണ പട്ടിക ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് വേണ്ടി ഞാൻ ആവശ്യമുന്നയിക്കുകയാണ്. മധ്യപ്രദേശിലെ 17 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ പ്രതീക്ഷകളാണ് ഞാന് നിങ്ങള്ക്ക് മുന്നില് വെക്കുന്നത്', എന്നാണ് കത്തില് പറഞ്ഞത്. എന്നാല് ഇക്കാര്യം തന്റെ കയ്യിലല്ലെന്നും തന്റെ സീറ്റില് നിന്ന് താന് വിരമിക്കുന്നുവെന്നുമായിരുന്നു ദിഗ്വിജയ് സിങിന്റെ പ്രതികരണം.
അതേസമയം ആര്എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി ദിഗ്വിജയ് സിങ് രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് എല് കെ അദ്വാനിയും അടക്കമുള്ളവര് ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദിഗ്വിജയ് സിങിന്റെ പുകഴ്ത്തല്. ചിത്രത്തില് അദ്വാനിക്ക് സമീപം തറയില് നരേന്ദ്ര മോദി ഇരിക്കുന്നത് കാണാം. സ്വയംസേവകരും പ്രവര്ത്തകരും നേതാക്കളുടെ കാല്ക്കല് തറയില് ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി എന്നായിരുന്നു ദിഗ്വിജയ് സിങ് എക്സില് കുറിച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ദിഗ്വിജയ് സിങ് രംഗത്തെത്തിയിരുന്നു. താന് ആര്എസ്എസ് സംഘടനാ സംവിധാനത്തെയാണ് പുകഴ്ത്തിയതെന്നും ബിജെപിയെയും ആര്എസ്എസിനെയും എതിര്ക്കുന്നത് തുടരുമെന്നുമായിരുന്നു ദിഗ്വിജയ് സിങ് പറഞ്ഞത്. എന്നാല് ദിഗ്വിജയ് സിങിന്റെ പ്രതികരണത്തോട് പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു കോണ്ഗ്രസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നേതാക്കള്ക്ക് പാര്ട്ടി നേതൃത്വം നിര്ദേശം നല്കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ദിഗ്വിജയ് സിങ് വിരമിക്കല് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2014 മുതല് കോണ്ഗ്രസിന്റെ രാജ്യസഭാ എംപിയായി ദിഗ്വിജയ് സിങ് സേവനമനുഷ്ഠിക്കുകയാണ്. 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളില് ദിഗ്വിജയ് സിങ് പരാജയപ്പെട്ടിരുന്നു. 1993 മുതല് 2003 വരെ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ദിഗ്വിജയ് സിങ്. 2003ല് മധ്യപ്രദേശില് കോണ്ഗ്രസ് പരാജയപ്പെട്ടപ്പോള് അടുത്ത 10 വര്ഷത്തേക്ക് മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2013ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് ദിഗ്വിജയ് സിങ് തിരികെ എത്തിയത്. 2014ല് എംപിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Content Highlights: Senior Congress leader Digvijay Singh has announced his retirement from parliamentary politics