ഡൽഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ച 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് വഷളായ ഇന്ത്യ-ചൈന ബന്ധം അടുത്തിടെയായി പരിഹരിക്കപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളുടെ ബിജെപി ആസ്ഥാന സന്ദർശനം.
സിപിസിയുടെ ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റ് വൈസ് മിനിസ്റ്റർ സുൻ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി ബിജെപി ആസ്ഥാനത്തെത്തി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി വിദേശകാര്യ വകുപ്പ് വക്താവ് വിജയ് ചൗതിവാലെ സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സിപിസി-ബിജെപി പാർട്ടികൾ തമ്മിലുള്ള സംവാദം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നതെന്ന് വിജയ് ചൗതിവാലെ എക്സിൽ കുറിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്ന് അരുൺ സിംഗ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങും ചർച്ചകളിൽ പങ്കെടുത്തു.
ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ ബിജെപി കോൺഗ്രസ് പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 2018ൽ ബെയ്ജിംഗ് സന്ദർശിച്ചപ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യത്തിൽ കരാർ ഒപ്പ് വെച്ചുവെന്നാണ് ബിജെപി ആരോപണം.
അതേസമയം നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണ് അതുകൊണ്ടാണ് ഗാൽവാൻ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ സാധിക്കാതെ പോയതെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അനുകൂലിക്കുന്ന ചൈനയുടെ നിലപാടിനെ ചോദ്യം ചെയ്യാൻ വിസ്സമ്മതിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആരോപണം ഉയർത്തിയിട്ടുണ്ട്.
മഞ്ഞുരുകുന്നോ?2000 കാലഘട്ടത്തിൽ ബിജെപിയും സിപിസിയും തമ്മിൽ നല്ലൊരു ബന്ധം നിലനിന്നിരുന്നു. നിരവധി ബിജെപി പ്രതിനിധികൾ ബെയ്ജിംഗ് സന്ദർശിക്കുകയും മുതിർന്ന ചൈനീസ് നേതാക്കളുമായി കക്ഷി-രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2020ലെ ഗാൽവാൻ ഏറ്റുമുട്ടലോടെയാണ് ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ സംഭവിച്ചത്.
ശേഷം അഞ്ച് വർഷങ്ങൾ പിന്നിട്ട് 2024ൽ റഷ്യയിലെ കസാനിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വെച്ചാണ് ഇരു രാജ്യങ്ങളുടെയും ഇടയിലെ മഞ്ഞുരുകാൻ വേദിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പ്രസ്തുത ഉച്ചകോടിയിൽ വെച്ച് നയന്തന്ത്ര ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Chinese Communist Party delegation visits BJP office. This is the first meeting since Galwan clash.