പനാജി: 2025ന്റെ ആദ്യ പകുതിയിൽ ഗോവ സന്ദർശിച്ചത് ഒരു കോടി സഞ്ചാരികൾ. കൊവിഡ് മഹാമാരി ഗോവയിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിരുന്നു. കൊവിഡിന് ശേഷം ഇത്രയധികം വിനോദസഞ്ചാരികൾ വരുന്നത് ഇതാദ്യമാണ്. ഗോവ സർക്കാർ തന്നെയാണ് കണക്ക് പുറത്തുവിട്ടത്.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 54.55 ലക്ഷം വിനോദ സഞ്ചാരികൾ ഗോവ സന്ദർശിച്ചതായി ഗോവ സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് 51.84 ലക്ഷം പേരും വിദേശത്ത് നിന്ന് 2.71 പേരുമാണ് ഗോവ സന്ദർശിച്ചത്. ഏറ്റവും കൂടതൽ സന്ദർശകർ എത്തിയത് ജനുവരിയിലായിരുന്നു. 10.56 ലക്ഷം പേർ രജിസ്റ്റർ ചെയ്തതിൽ 9.86 ലക്ഷം പേർ സ്വദേശികളും 70,000 പേർ വിദേശികളുമായിരുന്നു. ഫെബ്രുവരിയിൽ 9.05 ലക്ഷം, മാർച്ചിൽ 8.89 ലക്ഷം, ഏപ്രിലിൽ 8.42 ലക്ഷം, മെയ് 8.97 ലക്ഷം, ജൂൺ 8.34 ലക്ഷം വിദേശികളുമാണ് ഗോവ സന്ദർശിച്ചത്.
ഗോവ വിനോദ സഞ്ചാര മേഖലക്ക് ഉണ്ടായിരിക്കുന്ന ഈ കുതിപ്പിന് കാരണം ഗോവ നടപ്പിലാക്കിയ പദ്ധതികളാണെന്ന് ടൂറിസം ഡയറക്ടർ കേദാര് നായിക് വ്യക്തമാക്കി. നവീകരിച്ച അത്യാധുനിക മനോഹർ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് യാത്ര സൗകര്യങ്ങളും സംസ്ഥാനം മുഴുവനും നടപ്പിലാക്കിയ നവീകരണങ്ങളുമെല്ലാം സന്ദർശകരിൽ കൂടുതൽ മതിപ്പുളവാക്കാൻ കാരണമായെന്ന് കേദാര് നായിക് പറഞ്ഞു.
വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പെയ്നുകളും പ്രദർശനമേളകളും മാർക്കറ്റിങ് നയങ്ങളും സഞ്ചാരികളെ ഗോവയിലേക്ക് ആകർഷിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. സന്ദർശകരുടെ എണ്ണം ഒരു കോടി എത്തിയെങ്കിലും വിദേശ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് സംഭവിച്ചിട്ടില്ല. 2017ൽ 8.9 ലക്ഷം വിദേശികൾ ഗോവ സന്ദർശിച്ചെങ്കിൽ 2025ൽ 5.2 ലക്ഷം സന്ദർശകർ മാത്രമാണ് ഉണ്ടായിരുന്നത്.
ഗോവയുടെ വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ലായ ചാർട്ടർ വിമാന സർവീസുകളിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 2017ൽ 1,024 ചാർട്ടർ വിമാനങ്ങളിലായി 2.5 ലക്ഷം സഞ്ചാരികൾ എത്തിയെങ്കിൽ 2025ൽ 40,336 യാത്രക്കാരുമായി 189 ചാർട്ടർ വിമാനങ്ങൾ മാത്രമാണ് ഗോവയിൽ എത്തിയത്.
Content Highlight: Goa saw record tourists in 2025. One crore tourists visited the state but foreign arrivals still trail pre-covid highs.