ഉത്തർപ്രദേശ് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയെത്തുന്നു?; ലക്ഷ്യം യോഗി സര്‍ക്കാരിനെ താഴെയിറക്കുകയോ?

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രമാണ് ബാക്കി

ന്യൂ ഡൽഹി: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി സജീവമായേക്കുമെന്ന് സൂചന. പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നടത്തുന്ന പരിപാടികളാണ് പ്രിയങ്കയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.

പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് മുതൽക്ക് വിപുലമായ പരിപാടികൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. മുപ്പത് സ്ഥലങ്ങളിൽ ഭരണഘടനാ സംവാദ റാലികൾ, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. മാത്രമല്ല, ഇന്നേ ദിവസം 'പരിവർത്തൻ പ്രതിഗ്യ ദിവസ്' ആയി ആചരിക്കാനും യുപി കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 2027ൽ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.

കോൺഗ്രസിന്റെ ഒബിസി വിഭാഗമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ ഒരു കോടി ആളുകളിലേക്ക് എത്തിച്ചേരാൻ തക്ക രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യമായാണ് യുപി കോൺഗ്രസ് പ്രിയങ്കയുടെ പിറന്നാൾ ഇത്തരത്തിൽ ആഘോഷിക്കുന്നത്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയ്ക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. എന്നാൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതോടെ പ്രിയങ്ക മാറിനിൽക്കുകയായിരുന്നു. 2022ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ കോൺഗ്രസിന് നേടാന്‍ കഴിഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രായോഗികത വീണ്ടും ചർച്ചയായിരിക്കുന്ന സമയത്ത് കൂടിയാണ് കോൺഗ്രസ് 100 ദിന പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം വേണമോ എന്ന കാര്യം സമാജ്‌വാദി പാർട്ടി ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ കോൺഗ്രസിന്‍റെ വമ്പൻ തോൽവിയാണ് സമാജ്‌വാദി പാർട്ടിയുടെ ഈ ആലോചനയ്ക്ക് പിന്നിൽ. എന്നാൽ സഖ്യം ഉണ്ടാകുമെന്നും ബിഎസ്പി കൂടി 'ഇൻഡ്യ'യിലേക്ക് ചേരുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Content Highlights: Reports suggest that Priyanka Gandhi may return to active politics in Uttar Pradesh, potentially to challenge Chief Minister Yogi Adityanath

To advertise here,contact us