ഭുബനേശ്വർ: ഒഡീഷയിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് ക്രൂരമർദനം. ബംഗാളി ഭാഷയിൽ മാത്രം സംസാരിച്ചു എന്നാരോപിച്ചാണ് മർദ്ദനം. 27 വയസ് മാത്രമുള്ള രാജ അലി എന്ന് യുവാവിനാണ് ക്രൂരമർദനമേറ്റത്. പിന്നാലെ രാജ അലി ഒഡീഷ വിട്ടു.
ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. എട്ട് മാസം മുൻപാണ് രാജ അലി കട്ടക്കിലെ ഒരു വ്യവസായ ശാലയിൽ ജോലിക്കെത്തിയത്. രാജ അലി പൊതുയിടങ്ങളിൽ എല്ലാം ബംഗാളി ഭാഷയാണ് സംസാരിച്ചിരുന്നത്. നേരത്തെതന്നെ ഇതിന്റെ പേരിൽ ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും പേടിച്ച് രാജ അലി പുറത്തിറങ്ങുക പോലുമില്ലായിരുന്നു. എന്നാൽ ജനുവരി ഏഴിന് രാജ അലി താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം ആളുകൾ, രാജയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.
മർദിച്ചവർ തന്നോട് ജയ് ശ്രീറാം വിളിക്കാൻ ആജ്ഞാപിച്ചുവെന്നും രാജ അലി പറയുന്നുണ്ട്. എന്നാൽ താൻ മുസ്ലിം ആണെന്നും ജയ് ശ്രീറാം വിളിക്കാനാകില്ലെന്നും രാജ അലി മറുപടി നൽകി. ഇതിന് പിന്നാലെ അക്രമികൾ വീണ്ടും മർദ്ദനമാരംഭിച്ചു എന്നും ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രാജ അലി പറയുന്നു. ഒടുവിൽ ജയ് ശ്രീറാം വിളിച്ച ശേഷമാണ് അക്രമികൾ രാജ അലിയെ വെറുതെവിട്ടത്.
രാജ അലിയുടെ എട്ട് മാസത്തെ സമ്പാദ്യമായ 50,000 രൂപയും അപഹരിച്ച ശേഷമാണ് സംഘം സ്ഥലംവിട്ടത്. പേടിച്ചുപോയ രാജ അലി അപ്പോൾത്തന്നെ ബംഗാളിലേക്ക് തിരിച്ചു. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ബസ് ടിക്കറ്റും മറ്റും രാജയ്ക്ക് ലഭിച്ചത്. താൻ ഇനി ഒരിക്കലും ഒഡീഷയിലേക്ക് പോകില്ലെന്നാണ് രാജ അലി പറയുന്നത്.
സംഭവത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന് കീഴിൽ ബംഗാളിൽ നിന്നുള്ളവരെ അടിച്ചോടിക്കുകയാണെന്നും രാജ അലിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും തൃണമൂൽ നേതാവ് വിജയ് റോയ് പറഞ്ഞു. എന്നാൽ രാജ അലിയെ കുറ്റപ്പെടുത്തിയാണ് ബിജെപി രംഗത്തെത്തിയത്. ഒഡീഷയിൽ പോയി എന്തിനാണ് ബംഗാളി മുദ്രാവാക്യങ്ങൾ വിളിച്ചത് എന്നും ഒഡീഷയിലെ മറ്റുള്ള ബംഗാൾ സ്വദേശികൾക്കൊന്നും ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ എന്നാണ് ബിജെപി ന്യായീകരണം.
Content Highlights: A Muslim labourer alleged that he was forced to chant “Jai Shri Ram” and assaulted for speaking Bengali at Odisha