ന്യൂ ഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഡിജിറ്റൽ അറസ്റ്റിൽ പെട്ട് പ്രായമായ ദമ്പതികൾക്ക് 15 കോടി രൂപ നഷ്ടപ്പെട്ടു. ഡൽഹിയിൽ താമസിക്കുന്ന ഡോക്ടർ ഓം തനേജ, ഭാര്യ ഇന്ദിര തനേജ എന്നിവരുടെ പണമാണ് നഷ്ടപ്പെട്ടത്.
ദീർഘകാലം യുഎസിലായിരുന്ന ഇരുവരും ഇപ്പോൾ ഡൽഹിയിലാണ് താമസം. ഡിസംബർ 24 മുതൽ ജനുവരി 10 വരെ തട്ടിപ്പുകാരുടെ ഡിജിറ്റൽ അറസ്റ്റിൽ പെട്ടിരിക്കുകയായിരുന്നു ഇരുവരും. ഡിസംബർ 24നാണ് ട്രായിൽ നിന്നാണെന്ന് പറഞ്ഞ് ഇരുവരെയും തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ദമ്പതികൾ കള്ളപ്പണ ഇടപാടുകൾ, നികുതി വെട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ അറസ്റ്റ് വാറന്റ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. പിന്നാലെ ഡിസംബർ 10 വരെ ഇരുവരെയും എല്ലാ ദിവസവും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ബന്ധപ്പെട്ടു.
ഇക്കാലയളവിൽ ദമ്പതികളിൽ നിന്ന് തട്ടിപ്പുകാർ വലിയ തോതിൽ പണം തട്ടി. വെരിഫിക്കേഷൻ, ഡെപ്പോസിറ്റ് എന്നൊക്കെ പറഞ്ഞാണ് പണം തട്ടിയത്. തട്ടിപ്പുകാരുടെ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി ദമ്പതികൾ 14.85 കോടി രൂപയാണ് കൈമാറിയത്. തങ്ങളെ തട്ടിപ്പുകാർ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ഒരു ഫോൺ കോൾ ചെയ്യാൻ പോലും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. ബാങ്കിലേക്ക് പോകുമ്പോൾ എന്താണ് പറയേണ്ടത് എന്നുവരെ കൃത്യമായി അവർ പറഞ്ഞുപഠിപ്പിച്ചിരുന്നു. തുക കൈമാറുന്നതിൽ ബാങ്ക് അധികൃതർ സംശയം പ്രകടിപ്പിച്ചപ്പോൾ പോലും തട്ടിപ്പുകാർ പറഞ്ഞുനൽകിയ മറുപടിയാണ് ദമ്പതിമാർ നൽകിയിരുന്നത്.
ജനുവരി 10നാണ് ഈ തട്ടിപ്പിനെക്കുറിച്ച് പൊലീസുകാർ അറിഞ്ഞത്. ഇന്ദിര തനേജയെ ബന്ധപ്പെട്ട തട്ടിപ്പുകാർ പണം റീഫണ്ട് ചെയ്തുനൽകുമെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറയുകയും ചെയ്യുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും തട്ടിപ്പുകാർ സംസാരിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസുകാരാണ് ഇന്ദിരയോട് ഇത് തട്ടിപ്പാണെന്ന് പറയുന്നത്.
ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ദമ്പതികൾ ഇപ്പോഴുള്ളത്. സംഭവത്തിൽ ഡൽഹി സി ആർ പാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കേസ് ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക്ക് ഓപ്പറേഷൻസ് വകുപ്പിന് കൈമാറിയിരിക്കുകയാണ്.
Content Highlights: Digital Arrest in Delhi; elderly couples lose 15 crore in shocking digital arrest