ബെംഗളൂരു: ലോകത്ത് ഏറ്റവും കൂടുതല് സ്വർണ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. ആവശ്യമായ സ്വർണത്തിന്റെ ബഹുഭൂരിപക്ഷവും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. അതായത് ആഭ്യന്തര ഉത്പാദനം നാമമാത്രം. വളരെ ചുരുങ്ങിയ ഈ ഉത്പാദനം നടക്കുന്നതാകട്ടെ കർണാടയിലെ ഹട്ടി ഖനിയില് നിന്നും. ഒരു കാലത്ത് കെജിഎഫ് ഉള്പ്പെടേയുള്ള ഖനികള് ഉണ്ടായിരുന്ന കർണാടക ഇന്ത്യയുടെ സുവർണ്ണ സംസ്ഥാനമായിരുന്നു. ആ കർണാടയില് നിന്നാണ് ഇപ്പോള് സ്വർണം സംബന്ധിച്ച മറ്റൊരു വാർത്തയും പുറത്ത് വരുന്നത്.
ഗദഗ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ഡി ഗ്രാമത്തിൽ വീട് നിർമിക്കാൻ അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെ തൊഴിലാളികൾക്ക് ഒരു വമ്പന് സ്വർണനിധി ലഭിച്ചുവെന്നതാണ് ആ വാർത്ത. ശനിയാഴ്ചയായിരുന്നു സംഭവം. ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോവാണ് ചെമ്പ് പാത്രത്തില് സൂക്ഷിച്ച നിലയിലുള്ള സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ റിട്ടിയാണ് പാത്രവും അതിലെ സ്വർണവും ആദ്യമായി കണ്ടത്. ഉടൻ തന്നെ കുട്ടി വിവരം ഗ്രാമത്തിലെ മുതിർന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചതോടെ സംഭവം പുറത്തറിഞ്ഞു.
പൊലീസും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പാത്രത്തിൽ നെക്ലേസ്, വളകൾ, മോതിരങ്ങൾ, കമ്മല് തുടങ്ങിയ 22 സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. ഇവയുടെ ആകെ ഭാരം ഏകദേശം 466 മുതൽ 470 ഗ്രാം വരെയാണ്. പുരാതനകാല രീതിയിലുള്ള ഡിസൈനുകളുള്ളവയാണിവയെന്നാണ് പ്രാഥമിക നിരീക്ഷണം. അതിനാല് തന്നെ കോടികള് വിലമതിക്കുമെന്നാണ് വിലയിരുത്തല്.
"ആഭരണങ്ങൾ പുരാതന ഡിസൈനുകളുള്ളതാണ്. പുരാവസ്തു വകുപ്പ് പഠനം നടത്തിയ ശേഷം ഇവയുടെ കാലഘട്ടം കൃത്യമായി അറിയാൻ കഴിയും." ലക്കുണ്ഡി ഹെറിറ്റേജ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ശരണു ഗോഗേരി പറഞ്ഞു. അതേസമയം വിദ്യാർത്ഥിയുടെ സത്യസന്ധതയാണ് ഈ സംഭവത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നായിരുന്നു ഗദഗ് എസ്പി രോഹൻ ജഗദീശിന്റെ പ്രതികരണം.
സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് സ്വർണാഭരണങ്ങൾ തഹസിൽദാർക്ക് കൈമാറി. ചാലുക്യ രാജവംശത്തിന്റേയും ഹൊയ്സാല രാജവംശത്തിന്റേയും കാലഘട്ടത്തിലെ പ്രധാന കേന്ദ്രമായിരുന്ന ലക്കുണ്ഡി ഇപ്പോഴും പുരാതന ക്ഷേത്രങ്ങള്ക്കും സ്മാരകങ്ങള്ക്കും പേരുകേട്ടതാണ്.
content Highlights: Gold was discovered while digging the ground for building a house in Karnataka’s Gadag district