'എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം'; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

കേരളത്തിന് ലഭിക്കാനുള്ള 21,000 കോടി രൂപ പ്രത്യേക പാക്കേജ് ആയി ബജറ്റിൽ ഉൾപ്പെടുത്തണമെന്നും കെ എൻ ബാല​ഗോപാൽ

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ ആവശ്യങ്ങൾ ഉന്നയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കശുവണ്ടി, കയർ, കൈത്തറി മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി. അങ്കണവാടി, ആശാപ്രവർത്തകർക്ക് ഓണറേറിയം വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യം ഉന്നയിച്ചു. കേരളത്തിന് ലഭിക്കാനുള്ള 21,000 കോടി രൂപ പ്രത്യേക പാക്കേജ് ആയി ബജറ്റിൽ ഉൾപ്പെടുത്തണമെന്നും കെ എൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു.

വിബി ജി റാം ജിയിൽ കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണം, വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കാൻ 1000 കോടി അനുവദിക്കണം, റബ്ബറിൻ്റെ താങ്ങുവില 250 രൂപയായി ഉയർത്തണം, ക്ഷേമ പദ്ധതികൾക്ക് പ്രത്യേക കേന്ദ്ര സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളും ധനമന്ത്രി ഉന്നയിച്ചു.

Content Highlight : Ahead of the Union Budget, Kerala has put forward key demands, giving priority to an AIIMS institute and the long-pending Sabari railway project

To advertise here,contact us