യുവതിയ്ക്ക് യുകെയിലേക്ക് പോകാൻ വ്യാജ വിവാഹ രേഖകൾ നിർമ്മിച്ചു; വിദേശത്തുള്ള മൂന്ന് പ്രതികൾക്ക് എതിരെ കേസ്

സ്ത്രീയുടെ കുടുംബം വാഗ്ദാനം ചെയ്ത പണം നൽകുന്നതുമായി ബന്ധപ്പെട്ട് കക്ഷികൾ തമ്മിൽ തർക്കത്തെ തുടർന്നാണ് അനധികൃത കുടിയേറ്റത്തിന്റെ ഗൂഢാലോചന പുറത്തുവന്നത്

ഗാന്ധിനഗർ: യു കെയിലേയ്ക്ക് പ്രവേശനം നേടുന്നതിനായി വ്യാജ വിവാഹ, വിവാഹമോചന രേഖകൾ തയ്യാറാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേർക്ക് എതിരെ കേസ്. റിസ്വാൻ മേദ, തസ്ലിമാബാനു, സാജിദ് കോത്തിയ എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബറൂച്ച് ജില്ലയിലെ പലേജ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജറാത്ത് സ്വദേശികളാണ് പ്രതികൾ.

ബറൂച്ച് ജില്ലയിലെ വലൻ ഗ്രാമവാസിയും നിലവിൽ യുകെയിൽ താമസിക്കുന്നതുമായ റിസ്വാൻ മേദ കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്റെ സുഹൃത്തായ മിൻഹാസ് യാക്കൂബ് ഉഘ്രാർധറിന് നൽകിയ അധികാരപത്രവുമായി ജില്ലാ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് അനധികൃത കുടിയേറ്റത്തിന്റെ ഗൂഢാലോചന പുറത്തുവന്നതെന്നും പാലേജ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് ചൗധരി അറിയിച്ചു.

2024 ഫെബ്രുവരിയിലാണ് ജംബുസാർ നിവാസിയായ തസ്ലിമാബാനു കർഭാരിയെ തന്റെ ഭാര്യയായി കാണിക്കുന്ന വ്യാജ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റിസ്വാൻ മേദ വ്യാജമായി തയ്യാറാക്കുകയും യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തത്. ഷോയിബ് ദാവൂദ് ഇഖ്ഖാരിയ എന്ന ഏജന്റ് വഴിയാണ് തസ്ലിമാബാനുവിന് യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ വിസ നടപടികൾ പൂർത്തിയാക്കിയെന്നും പദ്ധതി പ്രകാരം തസ്ലിമാബാനു യുകെയിലേക്ക് താമസം മാറിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിസ നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി റിസ്വാൻ മേദയ്ക്ക് 3.5 ലക്ഷം രൂപയും വിവാഹമോചന ഉത്തരവും നൽകാമെന്ന് തസ്ലിമബാനു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷം രണ്ട് കക്ഷികളും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായതാണ് സംഭവം പരാതിയിലേയ്ക്ക് പോകാൻ കാരണമായത്. അതിനിടയിൽ റിസ്വാൻ മേദ തൻ്റെ യഥാർത്ഥ ഭാര്യയെ യുകെയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചു. എന്നാൽ തസ്ലിമബാനു വാഗ്ദാനം പാലിക്കാത്തതിനാൽ അതിന് തടസ്സം നേരിട്ടു. ഇതിനെ തുടർന്നാണ് റിസ്വാൻ മേദ ബറൂച്ച് പൊലീസിനെ സമീപിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ തസ്ലീമാബാനുവിന്റെ സഹോദരൻ ഫൈസലിനെതിരെ വ്യാജ വിവാഹരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മേദയെ തസ്ലിമബാനുവിൻ്റെ ആശ്രിത വിസയിൽ നിന്ന് ഒഴിവാക്കുന്നതിനായി വ്യാജ വിവാഹമോചന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ ശ്രമിച്ചതിനാണ് ഫൈസലിനെ പ്രതിചേർത്തിരിക്കുന്നത്. ബറൂച്ച് കോടതിയുടെ വ്യാജ വിവാഹമോചന ഉത്തരവ് സൃഷ്ടിക്കാൻ അഭിഭാഷകനായ സാജിദ് കോത്തിയയെ ഫൈസൽ സമീപിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് ചൗധരി പറയുന്നത്.

അന്വേഷണത്തിൽ മേദയും കൂട്ടുപ്രതിയും അനധികൃത കുടിയേറ്റത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റുകളും വിവാഹമോചന ഉത്തരവും ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയതായുള്ള എല്ലാം തെളിവുകളും കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസ് നടപടി ഭയന്ന് അഭിഭാഷകനായ സാജിദ് കോത്തിയ കാനഡയിലേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. മേദയ്ക്കും നിലവിൽ യുകെയിൽ താമസിക്കുന്ന തസ്ലിമബാനുവിനും സഹോദരനുമെതിരെ കേസെടുത്ത വിവരം ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും എംബസിയെയും അറിയിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് യുകെ അധികൃതർ അവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിക്കും. പ്രതികളെ നാടുകടത്താൻ യുകെ അധികൃതർക്ക് മതിയായ കാരണമുണ്ടെന്നും അവർ ഇന്ത്യയിൽ എത്തുമ്പോൾ തങ്ങൾ അവരെ അറസ്റ്റ് ചെയ്യുമെന്നും ചൗധരി കൂട്ടിച്ചേർത്തു.

Content Highlight : Case filed against accused for preparing fake marriage and divorce documents to enter UK

To advertise here,contact us