പാലത്തിന് ബലക്ഷയം; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബിഹാര്‍ ചെക്ക്പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നു

അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്

പട്‌ന: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങി ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു.

അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ബാലത്തി ചെക്‌പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്. മഹാബലിപുരത്തുനിന്ന് കിഴക്കന്‍ ചമ്പാരനിലെ വിരാട് രാമായണ ക്ഷേത്രത്തിലേക്കാണ് വിഗ്രഹം എത്തിക്കാനിരിക്കുന്നത്.

2025 നവംബര്‍ അവസാനത്തോടെയാണ് ഏകദേശം 210 മെട്രിക് ടണ്‍ ഭാരമുള്ള കരിങ്കല്ലില്‍ കൊത്തിയെടുത്ത ശിവലിംഗവുമായി മഹാബലിപുരത്ത് നിന്ന് ബിഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. വഴിയിലുടനീളം ഭക്തര്‍ നിരനിരയായി നിന്ന് മന്ത്രോച്ചാരണങ്ങളും പൂജകളും നടത്തിയാണ് വിഗ്രഹത്തെ സ്വാഗതംചെയ്യുന്നത്.

Content Highlights: world largest shivling stuck during mahabalipuram to bihar temple journey on road

To advertise here,contact us