'മോദി നല്ല മനുഷ്യൻ, പക്ഷേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ താരിഫ് ഇനിയും വർധിപ്പിക്കും'; താക്കീതുമായി ട്രംപ്

തന്നെ സന്തോഷിപ്പിക്കുകയാണ് ഇന്ത്യയുടെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു

വാഷിങ്ടണ്‍: റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് വീണ്ടും താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ താന്‍ സന്തോഷവാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'എന്നെ സന്തോഷിപ്പിക്കുകയാണ് ഇന്ത്യയുടെ ആഗ്രഹം. മോദി വളരെ നല്ല മനുഷ്യനാണ്. വിഷയത്തില്‍ ഞാന്‍ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. വളരെ വേഗത്തില്‍ തന്നെ ഇന്ത്യയിലേക്കുള്ള താരിഫ് നമുക്ക് ഉയര്‍ത്താന്‍ സാധിക്കും', ട്രംപ് പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ പുതിയ ഭീഷണിയില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിലവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം പിഴച്ചുങ്കം ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇനിയും ഉയര്‍ത്തിയേക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുകയാണ്.

Content Highlights: US President Donald Trump warned India that tariffs could be increased if it continues buying oil from Russia.

To advertise here,contact us