ന്യൂഡല്ഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് ഉമര് ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില് സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്, എന് വി അന്ജാരിയ എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില് വിധി പറയുന്നത്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഉമര് ഖാലിദിനെ കൂടാതെ ഷര്ജീല് ഇമാം, ഗുല്ഷിഫ ഫാത്തിമ, മീരാന് ഹൈദര്, അഥര്ഖാന്, അബ്ദുള് ഖാലിദ് സൈഫി, മുഹമ്മദ് സലിം ഖാന്, ഷിഫാ ഉര് റഹ്മാന്, ശതാബ് അഹമ്മദ് എന്നിവരാണ് ജാമ്യഹര്ജി നല്കിയിരിക്കുന്നത്.
കലാപ ഗൂഢാലോചനയില് പങ്കില്ലെന്നാണ് പ്രതികളുടെ വാദം. കേസില് ഡല്ഹി പൊലീസ് മനപൂർവ്വം പ്രതിചേര്ക്കുകയായിരുന്നു. അഞ്ച് വര്ഷത്തിലധികമായി റിമാന്ഡിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില് ജാമ്യം നല്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എന്നാല് പ്രതികള് ഇരവാദം പറയുകയാണ് എന്നാണ് ഡല്ഹി പൊലീസ് സുപ്രീംകോടതിയില് നല്കിയ സത്യവാങ്മൂലം. വിചാരണ വൈകുന്നതിന് പ്രതികള് തന്നെയാണ് കാരണമെന്നും കേവലം ക്രമസമാധാനം തകര്ക്കാന് മാത്രമല്ല, രാജ്യവ്യാപകമായി സായുധ വിപ്ലവത്തിനാണ് പ്രതികള് ശ്രമിച്ചതെന്നും ഡൽഹി പൊലീസ് പറയുന്നു. അതിനുളള തെളിവുകള് അന്വേഷണത്തിനിടെ ലഭിച്ചിട്ടുണ്ട് എന്നും ഡല്ഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര് രണ്ടിന് ഡല്ഹി ഹൈക്കോടതി ഇവര്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ഡല്ഹി കലാപ ഗൂഢാലോചനക്കേസില് വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്ഷമായി ഉമര് ഖാലിദ് അടക്കമുള്ളവര് ജയിലിലാണ്. സിഎഎ-എന്ആര്സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില് ഡല്ഹി കലാപത്തിന് ഉമര് അടക്കമുള്ളവര് ഗൂഢാലോചന നടത്തിയെന്നാണ് ഡല്ഹി പൊലീസിന്റെ വാദം. 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലാചന, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കുന്നതിനായി പതിനാല് ദിവസത്തേയ്ക്ക് കര്ക്കദുമ കോടതി ഉമര് ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: Delhi riots conspiracy case; Supreme Court verdict on Umar Khalid's bail plea today