ന്യൂഡല്ഹി: ഡല്ഹി കലാപത്തിലെ ഗൂഢാലോചന കേസില് ഉമര് ഖാലിദിനും ഷര്ജീല് ഇമാമിനും ജാമ്യമില്ല. ഇരുവര്ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്ക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമര് ഖാലിദിനും ഷര്ജീല് ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്, എന് വി അന്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഡല്ഹി ഹൈക്കോടതി വിധിന്യായം അംഗീകരിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. അഞ്ച് വര്ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തിലൂടെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം മറ്റ് അഞ്ച് പ്രതികള്ക്ക് ജാമ്യം അനുവദിച്ചു. ഗുല്ഷിഫ ഫാത്തിമ, മീരാന് ഹൈദര്, അഥര്ഖാന്, അബ്ദുല് ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന് , ഷിഫാ ഉര് റഹ്മാന് ,ശതാബ് അഹമ്മദ് എന്നിവര്ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് പ്രതികള്ക്ക് ജാമ്യം നല്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ പാലിച്ചില്ലെങ്കില് വിചാരണക്കോടതിക്ക് ഇടപെടാം. ജാമ്യം റദ്ദാക്കാന് തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയുടെ വിഷയമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിചാരണയിലെ കാലതാമസം ഒഴിവാക്കണമെന്നും കാലതാമസമില്ലാതെ പൂര്ത്തിയാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അഭിഭാഷകരായ കപില് സിബല് (ഉമര് ഖാലിദ്), അഭിഷേക് മനു സിങ്വി (ഗുല്ഫിഷ ഫാത്തിമ), സിദ്ധാര്ത്ഥ് ദേവ് (ഷര്ജീല് ഇമാം), സല്മാന് ഖുര്ഷിദ് (ഷിഫ ഉര് റഹ്മാന്), സിദ്ധാര്ത്ഥ് അഗര്വാള് (മീരാന് ഹൈദര്), സിദ്ധാര്ത്ഥ് ലുഥ്റ (ഷബാദ് അഹ്മദ്), ഗൗതം കഴഞ്ചി (സലീം ഖാന്) എന്നിവരാണ് പ്രതികള്ക്ക് വേണ്ടി ഹാജരായത്. ഡല്ഹി പൊലീസിന് വണ്ടി സോളിസിറ്റര് ജനറല് തുഷാര് മേത്ത, അഡീഷണല് സോളിസിറ്റര് ജനറല് എസ് വി രാജു എന്നിവരും ഹാജരായി. കലാപ ഗൂഢാലോചനയില് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള് സുപ്രീം കോടതിയെ സമീപിച്ചത്. കേസില് ഡല്ഹി പൊലീസ് മനപൂര്വ്വം പ്രതിചേര്ക്കുകയായിരുന്നു. അഞ്ച് വര്ഷത്തിലധികമായി റിമാന്ഡിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില് ജാമ്യം നല്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാല് പ്രതികള് ഇരവാദം പറയുകയാണ് എന്നായിരുന്നു ഡല്ഹി പൊലീസ് സുപ്രീംകോടതിയില് നല്കിയ സത്യവാങ്മൂലം. വിചാരണ വൈകുന്നതിന് പ്രതികള് തന്നെയാണ് കാരണമെന്നും കേവലം ക്രമസമാധാനം തകര്ക്കാന് മാത്രമല്ല, രാജ്യവ്യാപകമായി സായുധ വിപ്ലവത്തിനാണ് പ്രതികള് ശ്രമിച്ചതെന്നും ഡല്ഹി പൊലീസ് പറയുന്നു. അതിനുളള തെളിവുകള് അന്വേഷണത്തിനിടെ ലഭിച്ചിട്ടുണ്ട് എന്നും ഡല്ഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര് രണ്ടിന് ഡല്ഹി ഹൈക്കോടതി ഇവര്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ഡല്ഹി കലാപ ഗൂഢാലോചനക്കേസില് വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്ഷമായി ഉമര് ഖാലിദ് അടക്കമുള്ളവര് ജയിലിലാണ്. സിഎഎ-എന്ആര്സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില് ഡല്ഹി കലാപത്തിന് ഉമര് അടക്കമുള്ളവര് ഗൂഢാലോചന നടത്തിയെന്നാണ് ഡല്ഹി പൊലീസിന്റെ വാദം. 2020 സെപ്തംബറിലാണ് ഉമര് ഖാലിദിനെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര് എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല് ഗൂഢാലാചന, കലാപം സൃഷ്ടിക്കല്, നിയമവിരുദ്ധമായി സംഘം ചേരല്, യുഎപിഎ തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കുന്നതിനായി പതിനാല് ദിവസത്തേയ്ക്ക് കര്ക്കദുമ കോടതി ഉമര് ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: Supreme Court has denied bail to Umar Khalid and Sharjeel Imam in the Delhi riots case.