എഐയുടെ ദുരുപയോഗം അടിയന്തരമായി തടയണം; എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

വ്യാജ ചിത്രങ്ങള്‍ അടിയന്തരമായി നീക്കണമെന്നും 72 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദേശമുണ്ട്

ന്യൂഡല്‍ഹി: എഐയുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയമാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുന്ന അശ്ലീല ചിത്രങ്ങളടക്കം വ്യാപകമായി പ്രചരിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു. ഇത്തരം വ്യാജ ചിത്രങ്ങള്‍ അടിയന്തരമായി നീക്കണമെന്നും 72 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ഐടി മന്ത്രാലയം നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെയടക്കം ചിത്രങ്ങള്‍ എഐ സഹായത്തോടെ ലൈംഗിക ചുവയുള്ള രീതിയില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ നിയന്ത്രിക്കാനോ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനോ എക്സിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമം പോലും നടത്തിയിരുന്നില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കപ്പെടുന്നതില്‍ എക്‌സിന്റെ എഐ സേവനമായ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എക്സ് നിയമപരമായ ജാഗ്രത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വ്യക്തമാക്കിയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നല്‍കിയത്.

Content Highlight : Ministry of Electronics and Information Technology has Issued a Stern Notice to X

To advertise here,contact us