ന്യൂഡൽഹി: വർക്ക് പെർമിറ്റ് കാലാവധി പൂർത്തിയായതോടെ കാനഡയിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ. 10 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്താകുമെന്നാണ് പുറത്തുവരുന്ന വിവരം. ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞു. വർക്ക് വീസ കിട്ടാതെ വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നത്.
സാധാരണ ഒരുവർഷത്തെ കോഴ്സ് എടുത്താൽ ഒരു വർഷം മുതൽ രണ്ട് വർഷം വരെയും രണ്ട് വർഷത്തെ കോഴ്സാണെങ്കിൽ മൂന്ന് വർഷം വരെയും വർക്ക് പെർമിറ്റ് ലഭിക്കാറുണ്ട്. ഈ കാലയളവിലാണ് ഇവർ ജോലിക്ക് കയറേണ്ടുന്നത്. അവിടെനിന്ന് വർക്ക് വിസ സംഘടിപ്പിച്ച് ജോലിയിൽ തുടർന്നാൽ മാത്രമേ കുടിയേറ്റം സാധ്യമാകൂ. എന്നാൽ ഇങ്ങനെ വർക്ക് പെർമിറ്റ് കാലത്ത് തുടർന്ന വിദ്യാർത്ഥികൾക്കാണ് അവരുടെ പെർമിറ്റ് കാലാവധി അവസാനിക്കുന്നത്. ഇതിൽ ഭൂരിഭാഗംപേർക്കും ജോലി ലഭിച്ചില്ലെന്നാണ് വിവരം. ഇതോടെ നിരവധി വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടിവരുമെന്നാണ് കാനഡയിൽനിന്നും പുറത്തുവരുന്ന വിവരം.
കനേഡിയൻ സർക്കാരിന്റെ കണക്ക് പ്രകാരം 2025ൽ 10,53,000 വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ 9,27,000 പേരുടെ വർക്ക് പെർമിറ്റും അവസാനിക്കും. ഇതിൽ പത്ത് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് സൂചന.
Content Highlights: Indian students, including Malayalis, in Canada are worried as their work permits expire