ബറേലി: ഇന്സ്റ്റഗ്രാമിലെ തര്ക്കത്തിന് പിന്നാലെ 16 കാരനായ ദളിത് ബാലനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്ദ്ദിച്ച് അഞ്ച് യുവാക്കാള്. ഉത്തര്പ്രദേശിലെ കാന്റ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയെ നഗ്നനാക്കി, ക്രൂരമായി ആക്രമിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ഏതാനും ദിവസങ്ങള്ക്ക് മുമ്പ് കുട്ടിയും പ്രതികളില് ഒരാളും തമ്മില് ഇന്സ്റ്റാഗ്രാമില് ഉണ്ടായിരുന്ന ചെറിയ തര്ക്കമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. ഡിസംബര് 31 ന് രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയാണ്. വാല്മീകി മൊഹല്ലയില് നിന്നുള്ള 16കാരന്റെ അമ്മ പരാതി നല്കിയിട്ടുണ്ട്. ഇതുപ്രകാരം, മുകുള് യാദവ്, സുഭാഷ് യാദവ് എന്ന എഡി, സുല്ത്താന്, ആയുഷ്, ബസു എന്നിവര് മോട്ടോര് സൈക്കിളില് എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് വ്യക്തമാകുന്നത്.
ചനെഹ്ത റോഡിലെ ഒരു കുളത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയെന്നും നാടന് പിസ്റ്റളും കത്തിയും കാണിച്ച് പ്രതികള് ഭീഷണിപ്പെടുത്തിയെന്നും പരാതിയില് പറയുന്നു. 'പ്രതികള് പ്രായപൂര്ത്തിയാകാത്ത കുട്ടിയെ വിവസ്ത്രനാക്കി ക്രൂരമായി മര്ദ്ദിച്ചു. അവര് ഇത് ചിത്രീകരിച്ച് പിന്നീട് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ചു,' എഫ്ഐആറില് പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് കുട്ടി ഓടിരക്ഷപ്പെടുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്, ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള് പ്രകാരം അഞ്ച് പ്രതികള്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് മനുഷ് പരീഖ് പറഞ്ഞു. ഏതാനും ദിവസങ്ങള്ക്ക് മുമ്പ് കുട്ടിയും മുകുള് യാദവും തമ്മില് ഇന്സ്റ്റഗ്രാമില് ഉണ്ടായ ഒരു ചെറിയ തര്ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില് തെളിഞ്ഞു. ജനുവരി 15നകം കുട്ടിയെ കൊല്ലുമെന്ന് യാദവ് ഭീഷണിപ്പെടുത്തിയതായി എസ്പി കൂട്ടിച്ചേര്ത്തു.
പ്രതികളിലൊരാളായ സുല്ത്താന് ക്രിമിനല് പശ്ചാത്തലമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
ഒളിവില് പോയ പ്രതികളെ പിടികൂടാന് സംഘങ്ങള് രൂപീകരിച്ചിട്ടുണ്ട്. ഇവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും എസ്പി കൂട്ടിച്ചേര്ത്തു.
Content Highlights: 16 Year Old Dalit Boy Kidnapped and Assaulted By 5 Men In UP