നീളം കൂടും തോറും സിഗരറ്റിന്‍റെ വില കൂടും; ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും

15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും. ടാക്‌സ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് സിഗരറ്റിന്റെ എല്ലാ ബ്രാന്‍ഡുകളുടെയും വിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. സിഗരറ്റിന്റെ നീളത്തിന് അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. നീളം കൂടും തോറും സിഗരറ്റിന്റെ വില കൂടും.

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് ഗണ്യമായ വില വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബാണ് ബാധകമാവുക. ഓരോ സിഗരറ്റിനും ശരാശരി രണ്ട് രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ധിക്കാം.

ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്‌സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗരറ്റിന് 2 രൂപ 10 പൈസ വര്‍ധിക്കും. 65mm-70mm 3.60 മുതല്‍ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗരറ്റിനും 5.40 രൂപയിലധികമാണ് നികുതി.

ജിഎസ്ടി ഘടനയില്‍ വരുത്തിയ മാറ്റവും സിഗരറ്റുകള്‍ക്ക് പ്രത്യേക സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതുമാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമായത്. ജനങ്ങള്‍ പുകയില ഉപയോഗം കുറയ്ക്കുന്നതിനും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമുള്ള സര്‍ക്കാരിന്റെ സെന്‍ ടാക്‌സ് നയത്തിന്റെ ഭാഗമാണിത്. എന്നാല്‍ വില്‍പ്പനയെ ബാധിച്ചേക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ വില പെട്ടെന്ന് കൂട്ടാന്‍ സാധ്യതയില്ല. ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight; Cigarette Bills Likely to Increase From February 1, Burden on Consumers Expected to Rise

To advertise here,contact us