പുതുവത്സര മധുരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 44 കാരന്റെ സ്വകാര്യ ഭാഗം മുറിച്ച്മാറ്റി 25കാരിയായ കാമുകി

മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റില്‍ വ്യാഴാഴ്ച പുലര്‍ചെയാണ് സംഭവം

മുംബൈ: പുതുവത്സരം ആഘോഷിക്കാന്‍ എന്ന വ്യാജേന 44 കാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം മുറിച്ച് പരിക്കേല്‍പ്പിച്ച് 25-കാരി കാമുകി. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. യുവതിക്ക് 44 കാരനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും ഏഴു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ വിവാഹേതര ബന്ധത്തിലായിരുന്നുവെന്നും ഇയാള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതാണ് അക്രമത്തിലേക്ക് നയിച്ചത് എന്നുമാണ് വിവരം.

ബീഹാര്‍ സ്വദേശിയായ യുവതി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിച്ച് വരുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. അടുത്തിടെ ഇരുവരുമായി പ്രശ്‌നങ്ങളുണ്ടാവുകയും 44 കാരന്‍ യുവതിയുമായി അകലം പാലിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് യുവതി പുതുവത്സര മധുരം നല്‍കാമെന്ന് പറഞ്ഞ് ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും തുടര്‍ന്ന് അക്രമിക്കുകയുമായിരുന്നു.പരിക്കേറ്റ 44 കാരനെ വി എന്‍ ദേശായി ആശുപത്രിയിലേക്കും തുടര്‍ന്ന് അടിയന്തര ചികിത്സക്കായി സിയോണ്‍ ആശുപത്രിയിലേക്കും മാറ്റി. 25കാരി കാമുകി ഇപ്പോള്‍ ഒളിവിലാണ്.

Content Highlight : Called in with promise of New Year sweets; 44-year-old's private parts cut off and 25 stabbed

To advertise here,contact us