ഫരീദാബാദിൽ യുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ

തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

ഡല്‍ഹി: ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ തിങ്കളാഴ്ച രാത്രി യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ ഇരുവര്‍ സംഘം ലിഫ്റ്റ് നല്‍കുന്നത്. തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിന്റെ ഭാഗത്ത് വാഹനം നിര്‍ത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഫരീദാബാദ് വക്താവ് യശ്പാല്‍ സിങ് പറഞ്ഞു.

ഒടുവില്‍ വാഹനത്തില്‍ നിന്ന് യുവതിയെ തള്ളിയിടുകയായിരുന്നു. പിന്നാലെ യുവതി തന്റെ സഹോദരിയെ വിളിക്കുകയും സംഭവം അറിയിക്കുകയുമായിരുന്നു. സഹോദരി സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ പൊലീസിന് മൊഴി നല്‍കാനുള്ള സാഹചര്യത്തില്‍ അല്ല യുവതി. അതുകൊണ്ട് തന്നെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Content Highlights: women raped Van in Faridabad 2 detained by police

To advertise here,contact us