മഹാരാഷ്ട്രയിലെ മതപരിവര്‍ത്തനം ആരോപിച്ചുള്ള അറസ്റ്റ്: മലയാളി വൈദികന്‍ അടക്കം പന്ത്രണ്ട് പേര്‍ക്കും ജാമ്യം

വൈദികൻ സുധീര്‍, ഭാര്യ ജാസ്മിന്‍ അടക്കം പന്ത്രണ്ട് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് കോടതി ജാമ്യം അനുവദിച്ചു. സുധീര്‍, ഭാര്യ ജാസ്മിന്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. വറൂട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും തിങ്കളാഴ്ച്ചകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ ജനുവരി 13-ന് നടക്കും. പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ വീടിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കിയതെന്നും പൊലീസെത്തി സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവെന്നും സുധീർ പറഞ്ഞു. മതപരിവർത്തനം എന്ന് പറയുന്നത് തന്നെ അപലപനീയമാണെന്നും അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പിറന്നാളാഘോഷത്തിന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സുധീറിൻ്റെ പ്രതികരണം.

'കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. 28-നായിരുന്നു പിറന്നാള്‍ പരിപാടികള്‍ നടന്നത്. അന്നെനിക്ക് പോകാനായില്ല. അവരത് അടുത്ത ദിവസത്തേക്ക് മാറ്റി. വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ വീട്ടിലെത്തി. പിറന്നാളാഘോഷം നടക്കുന്നതിനിടെ ഞങ്ങള്‍ ക്രിസ്മസ് പാട്ടുകളൊക്കെ പാടി. പിറന്നാളുമായി ബന്ധപ്പെട്ട് ചെറിയൊരു മെസേജ് കൊടുത്തു. അതില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞിരുന്നു. മതപരിവര്‍ത്തനം ഒന്നും ഉദ്ദേശിച്ചിട്ടൊന്നുമല്ല. പിറന്നാളാഘോഷത്തിന് പോയതാണ്. കേക്കൊക്കെ മുറിച്ച് ഡാന്‍സൊക്കെ കളിച്ച് നില്‍ക്കുന്ന സമയത്താണ് പ്രശ്‌നമുണ്ടാക്കിയത്. മതപരിവര്‍ത്തനം നടത്താന്‍ വരുന്നുവെന്നൊക്കെ പറഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കി, ആളുകള്‍ കൂടി. എങ്ങനെയാണ് എന്നറിയില്ല. പെട്ടെന്ന് തന്നെ പൊലീസ് അവിടെയെത്തി. ഞങ്ങളെ വണ്ടിയില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പൊലീസും പ്രശ്‌നത്തിലായിരുന്നു. ഞങ്ങളെ സഹായിക്കാന്‍ വന്ന പാസ്റ്റര്‍മാരെയും പൊലീസിന് അകത്തിരുത്തേണ്ടിവന്നു. രാവിലെയാണ് എഫ്‌ഐആറിട്ടത്. മതപരിവര്‍ത്തനം എന്ന് പറയുന്നത് തന്നെ അപലപനീയമാണ്. അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല': സുധീർ പറഞ്ഞു.

ഇന്നലെയായിരുന്നു നാഗ്പൂരിൽ മലയാളി വൈദികനെയും ഭാര്യയേയും അടക്കം അറസ്റ്റ് ചെയ്തത്. ആദ്യം ആറോളം പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ആറ് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സംഭവം അത്യന്തം അസ്വസ്ഥത ഉളവാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കത്തയച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയും ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിരുന്നു.

Content Highlights: Maharashtra Nagpur arrested priest sudhir and wife along with 11 others gets bail

To advertise here,contact us