ഭോപ്പാല്: മധ്യപ്രദേശില് ഇന്ഡോറില് കുടിവെള്ളത്തില് രാസപദാര്ത്ഥം കലര്ന്നോ എന്ന് സംശയം. ഭഗീരഥപുരയില് വെള്ളം കുടിച്ച എട്ട് പേര് മരിച്ചു. 100ലധികം പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഡിസംബര് 25നും 30നുമിടയിലാണ് മരണങ്ങള് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
25ാം തീയ്യതി മുന്സിപ്പല് കോര്പ്പറേഷന് വിതരണം ചെയ്യുന്ന വെള്ളത്തിന് അസാധാരണമായ രുചിയും മണവുമുണ്ടായെന്ന് പ്രദേശവാസികള് പറയുന്നു. വെള്ളത്തിന് കയ്പ്പ് രുചിയാണെന്നാണ് പ്രദേശവാസികള് പറയുന്നത്. മുന്സിപ്പല് പൈപ്പില് നിന്ന് വരുന്ന നര്മദ നദിയില് നിന്നുള്ള വെള്ളം കുടിച്ചപ്പോള് മുതല് രോഗം ബാധിച്ചുവെന്ന് പ്രദേശവാസികള് പറഞ്ഞു. വെള്ളം കുടിച്ചവര്ക്ക് ഛര്ദി, ഡയറിയ, നിര്ജലീകരണം എന്നീ രോഗങ്ങള് പിടിപ്പെട്ടു.
ശുദ്ധീകരണത്തിനായുള്ള കെമിക്കല് അമിതമായി ഉപയോഗിച്ചതോ, മറ്റെന്തെങ്കിലും മാലിന്യങ്ങള് കലര്ന്നിട്ടുണ്ടാകാം എന്നുമാണ് നിലവിലെ സംശയം. ഭഗീരഥ്പുരയിലെ പൈപ്പ്ലൈന് പൊട്ടിയതായി മുന്സിപ്പാലിറ്റി അധികൃതര് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലൈനിന് മുകളില് കക്കൂസ് നിര്മിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില് സോണല് ഇന് ചാര്ജായിട്ടുള്ള ശാലിഗ്രാം സിതോളെയെയും അസിസ്റ്റന്റ് എഞ്ചിനീയര് യോഗേഷ് ജോഷിയെയും സസ്പെന്ഡ് ചെയ്തു. പിഎച്ച്ഇ ഇന്ചാര്ജായിട്ടുള്ള സുബനൈത്രി ശുഭം ശ്രീവാസ്തവയെ ചുമതലയില് നിന്നും നീക്കി. സംഭവത്തില് ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹന് യാദവ് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കുമെന്ന് അറിയിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവുകള് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായാണ് ഇന്ഡോര് അറിയപ്പെടുന്നത്.
Content Highlights: 8 died in Madhyapradesh after consuming contamindated water