ഫുഡ് ഡെലിവറിയെ അടക്കം ബാധിച്ചേക്കും; നാളെ രാജ്യ വ്യാപക പണിമുടക്ക് നടത്താന്‍ ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍

സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ ഉള്‍പ്പെടെയുളള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. കുറഞ്ഞ വേതനവും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം. 10 മിനിറ്റിനുളളില്‍ ഡെലിവറി ഗ്യാരണ്ടി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യമുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ ഉള്‍പ്പെടെയുളള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ (TGPWU), ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (IFAT) എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. ഭക്ഷ്യവിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുളള ഒരുലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ പുതുവത്സരാഘോഷത്തില്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്താണ് പണിമുടക്കുക എന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിക്കുന്നത്. പുതുവത്സരം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളിലെ ഉള്‍പ്പെടെ തൊഴിലാളികള്‍ പണിമുടക്കുന്നത് ഈ മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Gig workers’ union calls nationwide strike tomorrow; online delivery workers strike

To advertise here,contact us