WATCH VIDEO: 'കോണ്‍ഗ്രസ് DMKയ്ക്ക് മുന്നില്‍ വാലാട്ടി നില്‍ക്കുന്ന നായ്ക്കുട്ടി'; പരിഹസിച്ച് AIADMK

2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയും കോൺഗ്രസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സീറ്റ് വിഭജന ചർച്ചകളെ കളിയാക്കുന്നതാണ് ഈ വീഡിയോ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

ചെന്നൈ: ഡിഎംകെ നേതാക്കൾ എറിയുന്ന ബിസ്‌ക്കറ്റുകൾ ആവേശത്തോടെ പിടിക്കുന്ന ഒരു നായ്ക്കുട്ടിയായി കോൺഗ്രസിനെ ചിത്രീകരിക്കുന്ന കാർട്ടൂൺ വീഡിയോ പങ്കുവെച്ച് എഐഎഡിഎംകെ. പാർട്ടിയുടെ ഐടി വിഭാ​ഗം ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് കാർട്ടൂൺ വീഡിയോ പങ്കിട്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കസേരകളിൽ ഇരിക്കുന്നതും വാലാട്ടി നിൽക്കുന്ന കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന ഒരു നായ്ക്കുട്ടിക്ക് മുഖ്യമന്ത്രി ബിസ്ക്കറ്റ് എറിഞ്ഞ് കൊടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഡിഎംകെ അനുവദിക്കുന്നതെന്തും ആകാംക്ഷയോടെ സ്വീകരിക്കുന്ന കോൺഗ്രസ് ഒരു വളർത്തുമൃഗത്തെപ്പോലെയാണ് പെരുമാറുന്നത് എന്ന് തമിഴിൽ എഴുതിയ അടിക്കുറിപ്പും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയും കോൺഗ്രസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സീറ്റ് വിഭജന ചർച്ചകളെ കളിയാക്കുന്നതാണ് ഈ വീഡിയോ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

திமுக போடும் பிஸ்கட்டுக்கு வாலாட்டும் ஏவல் பிராணிகள் எல்லாம், அறிவாலயத்துக்கு வாலாட்டுவதோடு நிறுத்திக் கொள்ளவும்!(பி.கு. : திட்டுனதுக்காக கோவப்பட்டு, அறிவாலய வாசல்ல போராடும் தூய்மை பணியாளர்களுக்காகவோ, செவிலியர்களுக்காகவோ, அல்லது ஆசிரியர்களுக்கு ஆதரவாகவோ குரைத்துவிட்டால்,… pic.twitter.com/96A5PO2gYd

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന് പുറമെ മന്ത്രിസഭാ പ്രാതിനിധ്യവും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിൽ മത്സരിക്കുകയും 18ൽ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ 35 മുതൽ 50 സീറ്റുകൾ വരെയാണ് കോൺ​ഗ്രസ് മത്സരിക്കാനായി ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള ചർച്ചകളുടെ മുന്നോടിയായി ഡിസംബർ മൂന്നിന് എഐസിസിയുടെ ഉന്നതതല സംഘം ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ടിരുന്നു. എന്നാൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോ​ഗികമായ ചർച്ചകൾക്ക് ഡിഎംകെ തുടക്കം കുറിച്ചിട്ടില്ല. ഡിഎംകെ-കോൺ​ഗ്രസ് സഖ്യം അധികാരത്തിലല്ല, പ്രത്യയശാസ്ത്രത്തിലാണ് വേരൂന്നിയതെന്നാണ് സ്റ്റാലിൻ്റെ നിലപാട്. കോൺഗ്രസ് ചർച്ചകൾ ഡിഎംകെയുമായി മാത്രമാണെന്നും ടിവികെയുമായിട്ടല്ലെന്നുമാണ് ടിഎൻസിസി പ്രസിഡന്റ് കെ സെൽവപെരുന്തഗൈ വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് വിഭജന തർക്കങ്ങൾ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിലെ വിള്ളലുകളുടെ സൂചനയാണെന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: AIADMK mocks Congress, calls party a tail-wagging puppy of DMK

To advertise here,contact us