'അനധികൃത കുടിയേറ്റക്കാരെ തുടച്ച് നീക്കാൻ ബിജെപിക്ക് അഞ്ച് വർഷം കൂടി അവസരം നൽകണം': അസമിൽ അമിത് ഷാ

'അസമിലുടനീളം ഒരു ലക്ഷത്തിലധികം ഭൂമി ഞങ്ങൾ മോചിപ്പിച്ചു. വോട്ടുകൾക്കായി കോൺഗ്രസ് അവരെ കുടിയിരുത്തിയിരുന്നു' എന്നും അമിത് ഷാ കുറ്റപ്പെടുത്തി

ദിസ്പൂർ: അനധികൃത കുടിയേറ്റക്കാരെ അസമിൽ നിന്നും തുടച്ച് നീക്കാൻ ബിജെപിക്ക് അഞ്ച് വർഷം കൂടി അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിൽ നിന്നും രാജ്യത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ അസമിലെ ബിജെപിയുടെ തുടർഭരണം ആവശ്യമാണെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസിയും പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കരദേവയുടെ ജന്മസ്ഥലം ആഗോള ആത്മീയ കേന്ദ്രമാക്കി പുനർനിർമ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം. നാഗോണിൽ 200 കോടി രൂപയുടെ ബടദ്രവ സാംസ്കാരിക പദ്ധതിയാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്.

അസമിലെ അനധികൃത കുടിയേറ്റം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തുമെന്ന് സൂചനയാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം അമിത് ഷാ നടത്തിയത്. 'ശ്രീമന്ത ശങ്കരദേവിന്റെ ജന്മസ്ഥലം ഒരുകാലത്ത് അനധികൃത നുഴഞ്ഞുകയറ്റക്കാർ കൈയടക്കിയിരുന്നു. എന്നാൽ ഇന്ന് നമ്മൾ ആ ഭൂമി സ്വതന്ത്രമാക്കി ലോകപ്രശസ്തമാകുന്ന ഒരു പദ്ധതിയാക്കി വികസിപ്പിച്ചിരിക്കുന്നു. ഈ പുതിയ പദ്ധതി 500 വർഷം പഴക്കമുള്ള ഒരു സാംസ്കാരിക പൈതൃകവുമായി ബന്ധിപ്പിക്കും എന്നായിരുന്നു ചടങ്ങിൽ അമിത് ഷാ പറഞ്ഞത്. 'എന്നോട് പറയൂ. ശ്രീമന്ത ശങ്കരദേവിൻ്റെ ജന്മസ്ഥലം ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കൈയേറിയത് ന്യായമാണോ? ഈ ഭൂമി മാത്രമല്ല, അസമിലുടനീളം ഒരു ലക്ഷത്തിലധികം ഭൂമി ഞങ്ങൾ മോചിപ്പിച്ചു. വോട്ടുകൾക്കായി കോൺഗ്രസ് അവരെ കുടിയിരുത്തിയിരുന്നു' എന്നും അമിത് ഷാ ആരോപിച്ചു.

'ബിജെപിക്ക് അഞ്ച് വർഷം കൂടി വോട്ട് ചെയ്യൂ, അസമിൽ നിന്ന് മാത്രമല്ല, രാജ്യത്തുടനീളം അനധികൃത നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ പുറത്താക്കും. നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ എല്ലാ ഭൂമിയും ഞങ്ങൾ സ്വതന്ത്രമാക്കും എന്നും അമിത് ഷാ പ്രഖ്യാപിച്ചു. ബടദ്രവയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ എന്തിനാണ് താമസിച്ചിരുന്നത്? നാംഘർ നിർമ്മിക്കുന്നതിനായി എല്ലാ നിയമവിരുദ്ധരെയും നീക്കം ചെയ്തതിന് ഇന്ന് ഞാൻ ഹിമാന്ത ബിശ്വ ശർമ്മയെ അഭിനന്ദിക്കുന്നു. അസമിൽ ഒരു ലക്ഷം ബിഗയിൽ അധികം ഭൂമി ഒഴിപ്പിച്ചു. കൂടുതൽ ബംഗ്ലാദേശികളെ കൊണ്ടുവരാൻ കോൺഗ്രസ് ഐഎംഡിടി നിയമം കൊണ്ടുവന്നു. കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ കൊണ്ടുവന്നത് അസമിന്റെ മൂല്യങ്ങളെയും സാഹിത്യത്തെയും സ്വത്വത്തെയും സംസ്കാരത്തെയും തകർത്തുവെന്നും' അമിത് ഷാ ആരോപിച്ചു. അസമിൽ ബിജെപി സർക്കാർ അഞ്ച് വർഷം കൂടി ഭരിക്കട്ടെ. മുഴുവൻ സംസ്ഥാനവും നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാണെന്ന് ഞങ്ങൾ ഉറപ്പാക്കും. നുഴഞ്ഞുകയറ്റം ദേശീയ സുരക്ഷയ്ക്കും അസമിന്റെ സംസ്കാരത്തിനും വലിയ ഭീഷണിയാണ്. ഈ ഭീഷണി യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവർക്ക് മാത്രമേ അതിനെതിരെ പ്രവർത്തിക്കാൻ കഴിയൂ, ആ പാർട്ടി ബിജെപി മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അസമിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കവെയാണ് അമിത് ഷാ തെരഞ്ഞെടുപ്പ് വിഷയമായി അനധികൃത കുടിയേറ്റത്തെ ഉയർത്തിക്കാണിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നേരത്തെ ബം​ഗ്ലാദേശി കുടിയേറ്റവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍‍ർമ്മയും പ്രകോപനപരമായ പരാമ‍ർശങ്ങൾ നടത്തിയിരുന്നു.

Content Highlights: Home Minister Amit Shah at an event in Assam

To advertise here,contact us