സിദ്ധരാമയ്യ യോഗിയുടെ പ്രതിരൂപം, സോണിയയും പ്രിയങ്കയും മറുപടി പറയണം; 'കർണാടക ബുൾഡോസർ രാജി'ൽ എ എ റഹീം എംപി

രൂക്ഷമായ ഭാഷയിലാണ് റഹീം കോൺഗ്രസിനെ വിമർശിച്ചത്

തിരുവനന്തപുരം: കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗി ആദിത്യനാഥിന്റെ പ്രതിരൂപമെന്നും കോൺഗ്രസ് സർക്കാരിന്റെ കീഴിൽ കണ്ടത് സമാനതകളില്ലാത്ത ബുൾഡോസർ രാജാണെന്നും റഹീം എംപി വിമർശിച്ചു. സംഭവത്തിൽ സോണിയ ഗാന്ധിയും പ്രിയങ്കഗാന്ധിയും മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു.

രൂക്ഷമായ ഭാഷയിലാണ് റഹീം കോൺഗ്രസിനെ വിമർശിച്ചത്. ബുൾഡോസർ രാജിനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കണ്ണിൽചോരയില്ലാത്ത നടപടിയെന്നാണ് റഹീം വിശേഷിപ്പിച്ചത്. സുപ്രീംകോടതി ഉത്തരവ് മാനിക്കാതെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തുകയാണ് ചെയ്തത്. മൂന്ന് മണിക്കൂർ കൊണ്ടാണിത് ചെയ്തത് എന്നും സാധു മനുഷ്യരുടെ വീടുകൾ കല്ലിൻകഷ്ണങ്ങൾ ആയി മാറി എന്നും റഹീം കുറ്റപ്പെടുത്തി.

സംഭവത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു. അവിടുത്തെ റവന്യൂ മന്ത്രി കൂടിയായ എംഎൽഎ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.കേരളത്തിൻ്റെ മുഖ്യമന്ത്രി ഇത് പറയും വരെ ഒരു മാധ്യമവും അങ്ങോട്ട് തിരിഞ്ഞു നോക്കിയിരുന്നില്ല. അദ്ദേഹത്തിന് ആ മനുഷ്യർ തൊഴുകൈയോടെ നന്ദി പറഞ്ഞു. കർണാടകയിൽ ഇല അനങ്ങിയാൽ അറിയുന്ന കെ സി വേണുഗോപാൽ എവിടെയെന്നും റഹീം ചോദിച്ചു.

ബെംഗളൂരു യെലഹങ്ക മേഖലയിലെ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ചുമാറ്റൽ നടപടി വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഡിസംബർ 22 ന് പുലർച്ചെ ബെം​ഗളൂരുവിലെ കൊഗിലു ഗ്രാമത്തിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടത്തിയ പൊളിച്ചുമാറ്റൽ നടപടിയിൽ ഏകദേശം 400 കുടുംബങ്ങൾ ഭവനരഹിതരായി എന്ന ആരോപണമാണ് ഉയർന്നത്. മുൻകൂർ അറിയിപ്പ് കൂടാതെ തങ്ങളെ ഒഴിപ്പിക്കുകയും തെരുവുകളിൽ രാത്രി ചെലവഴിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നാണ് ഈ പ്രദേശത്തെ താമസക്കാരുടെ അവകാശവാദം. കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും ഇവർക്ക് ആധാർ കാർഡുകളും വോട്ടർ ഐഡികളും ഉണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിൽ രൂക്ഷവിമർശനവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തു പറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രംഗത്തുവന്നിരുന്നു. കർണാകടയിലെ കോൺ​ഗ്രസ് സർക്കാർ ബുൾഡോസർ സംസ്കാരത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം.

കാര്യത്തിന്റെ വസ്തുതകൾ അറിയാതെയാണ് വിജയൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്നും രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളും പ്രതിഷേധങ്ങളുമാണ് നടക്കുന്നതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. വസ്തുതകൾ അറിയാതെ പിണറായി വിജയൻ കർണാടകയിലെ കാര്യങ്ങളിൽ അഭിപ്രായം പറയരുതെന്ന് പറഞ്ഞ കർണാടക ഉപമുഖ്യമന്ത്രി വരാനിരിക്കുന്ന കേരള തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ്റേതെന്നും വിമർശിച്ചിരുന്നു.

Content Highlights: karnataka buldozer raj; aa rahim says siddaramaiah is yogis representation

To advertise here,contact us