കർണാടക റവന്യൂ മന്ത്രിയാണ് സ്ഥലം എംഎൽഎ;വോട്ട് വാങ്ങുമ്പോൾ അനധികൃതമായി താമസിക്കുന്നവരാണെന്ന വിചാരമില്ല: K T ജലീൽ

നിയമ വിരുദ്ധ നിര്‍മ്മാണമെങ്കില്‍ എങ്ങനെയാണ് വൈദ്യുത കണക്ഷനും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇവര്‍ക്ക് ലഭിച്ചതെന്നും കെ ടി ജലീല്‍

ബെംഗളൂരു: കര്‍ണാടകയില്‍ 'ബുള്‍ഡോസര്‍ രാജി'ന് ഇരയായവരെ സന്ദര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഉത്തരേന്ത്യയിലേതിന് സമാനമായ ബുള്‍ഡോസര്‍ രാജ് കര്‍ണാടകയിലും നടന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം ജലീല്‍ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്‌നേഹത്തിന്റെ കട പൂട്ടിയെന്നും കെ ടി ജലീല്‍ പറഞ്ഞു.

'നിയമ വിരുദ്ധ നിര്‍മ്മാണമെങ്കില്‍ എങ്ങനെയാണ് വൈദ്യുത കണക്ഷനും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇവര്‍ക്ക് ലഭിച്ചത്. കര്‍ണാടക റവന്യു വകുപ്പ് മന്ത്രി തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വോട്ടുകള്‍ വാങ്ങി വിജയിച്ച എംഎല്‍എയാണ്. അനധികൃതമായി താമസിക്കുന്നവരാണെന്ന് അന്ന് കോണ്‍ഗ്രസിനും മന്ത്രിക്കും വിചാരമുണ്ടായില്ലേ. വോട്ടുകള്‍ വാങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ആ വിചാരമില്ലേ. ഇവരുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് അന്ന് ജയിച്ചത്', എംഎല്‍എ പറഞ്ഞു.

മുന്നറിയിപ്പ് നല്‍കി വീടുകള്‍ പൊളിക്കുകയാണെങ്കില്‍ പകല്‍ സമയത്ത് ആവാമായിരുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു. പുനരധിവാസത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കര്‍ണാടക സര്‍ക്കാര്‍ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

'പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണം. വീട് നഷ്ടമായവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഡി കെ ശിവകുമാര്‍ പ്രതികരണത്തിനെങ്കിലും തയ്യാറായത്. കേരളത്തിന്റെ ഇടപെടല്‍ ഫലം കണ്ടു. കര്‍ണാടക സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കണം', കെ ടി ജലീല്‍ പറഞ്ഞു.

Content Highlights: K T Jaleel visits victims in Karnataka Bulldozer Raj

To advertise here,contact us