പൂനെ: പൂനെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിലുള്ള ഗുണ്ടാ നേതാവും കുടുംബവും. ചെറുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ബണ്ടു അന്ധേക്കർ ആണ് തെരഞ്ഞടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതേ കേസിൽ പ്രതികളായ അന്ധേക്കർ സഹോദര ഭാര്യയും മരുമകളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
കനത്ത പോലീസ് സുരക്ഷയിലാണ് ബണ്ടു അന്ധേക്കർ നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. മുഖം മറച്ച്, മുന്നിലും പിന്നിലും പോലീസുകാരുടെ അകമ്പടിയോടെയാണ് അന്ധേക്കറിനെ കൊണ്ടുപോയത്. ഇതിനിടെ ഗുണ്ടാനേതാവ് അവിടെയുള്ള മാധ്യമങ്ങളെയും ജനങ്ങളെയും കൈ ഉയർത്തിക്കാണിച്ച് അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്വയം മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു.
പൂനെയിലെ പ്രത്യേക കോടതിയാണ് ബണ്ടു അന്ധേക്കറിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയത്. സഹോദരഭാര്യ ലക്ഷ്മി അന്ധേക്കർ മരുമകൾ സൊനാലി അന്ധേക്കർ എന്നിവരും കോടതിയുടെ അനുമതിയോടെയാണ് മത്സരിക്കുന്നത്. യേറെവാഡ ജയിലിലാണ് മൂവരും കഴിയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.
സെപ്റ്റംബർ 5നായിരുന്നു തന്റെ ചെറുമകനായ ആയുഷ് കോംകാറിനെ ബണ്ടു അന്ധേക്കർ കൊലപ്പെടുത്തിയത്. എൻസിപി നേതാവും ബണ്ടുവിന്റെ മകനുമായ വൻരാജ് അന്ധേക്കറിൻ്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ആയുഷിൻ്റെ കൊലപാതകം. ആയുഷിന്റെ അച്ഛനായ ഗണേഷ് കോംകാർ ആണ് വൻരാജ് കൊലപാതകത്തിന് പിന്നിൽ എന്നാണ് കരുതപ്പെടുന്നത്. ഇതിൻ്റെ പകയാണ് സ്വന്തം ചെറുമകനായ ആയുഷിനെ കൊല്ലാൻ ബണ്ടുവിനെ പ്രേരിപ്പിച്ചത്.
Content Highlights: gangster who was jailed for killing grandson, to contest in elections