'കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കും,പിണറായിയുടെ പ്രതികരണം വസ്തുത മനസിലാക്കാതെ'

കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു ഗിമ്മിക്ക് ആണ് പിണറായി വിജയന്‍റെ പ്രതികരണമെന്ന് ശിവകുമാർ

ബെംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ 300ലധികം വീടുകൾ മുന്നറിയിപ്പില്ലാതെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെയാണ് ഒഴിപ്പിച്ചത്. ഇവർ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. മാനുഷിക പരിഗണനയിൽ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

അത് മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന സ്ഥലമല്ല. മാലിന്യനിക്ഷേപ കേന്ദ്രമാണ്. നിരവധി പേർ അവിടെ കുടിയേറി പാർക്കുകയായിരുന്നു. അവിടെനിന്നും മാറിതാമസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നൽകിയിട്ടുണ്ട് എന്നാൽ അത് അവർ അനുസരിച്ചില്ല. കുടിയൊഴിപ്പിക്കുകയല്ലാതെ ഈ സാഹചര്യത്തിൽ മറ്റ് മാർഗമില്ലായിരുന്നുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിദ്ധരാമയ്യ വിമർശനമുന്നയിച്ചു. പിണറായി വിജയന്റെ വിമർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും യഥാർത്ഥ വസ്തുക്കൾ മനസിലാക്കാതെയുമാണെന്നും സിദ്ധരാമയ്യ കുറിച്ചു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് പിണറായി വിജയന്റെ പ്രതികരണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു. വസ്തുതകൾ മനസിലാക്കാതെയുള്ള അനാവശ്യ ഇടപെടൽ എന്നാണ് പിണറായി വിജയന്റെ പരാമർശത്തെ ശിവകുമാർ വിശേഷിപ്പിച്ചത്. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു ഗിമ്മിക്ക് ആണിത്. പ്രദേശം മാലിന്യം തള്ളുന്ന സ്ഥലമാണ്. ഇവിടെ താമസിച്ചിരുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങളടക്കം ഇത് കാരണം ഉണ്ടായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തു പറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് നേതാക്കളുടെ പ്രതികരണം. 'വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയും ഉണ്ടാക്കുന്നതാണ്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ചുവരുമ്പോൾ അതിന്റെ കാർമികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസിനാണ് എന്നത് ആശ്ചര്യമാണ്' എന്നും പിണറായി വിജയൻ കുറിച്ചിരുന്നു.

അതേസമയം ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പൊളിച്ചു നീക്കലിൽ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമായും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസാരിച്ചു. മനുഷ്യത്വപരമായ വശങ്ങൾക്ക് മുൻഗണന നൽകിയാകണം നടപടികളെന്നും ജാഗ്രതയോടെയും കരുതലോടെയും വേണമായിരുന്നു ഇത്തരം നടപടികൾ കൈക്കൊള്ളേണ്ടിയിരുന്നത് എന്നും എഐസിസി നിലപാട് ഇരുവരെയും അറിയിച്ചു.

ബാധിക്കപ്പെട്ട കുടുംബങ്ങളുമായി നേരിട്ട് സംസാരിക്കുമെന്നും പരാതികൾ പരിഹരിക്കുമെന്നും ഇരുവരും ഉറപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിതർക്ക് പുനരധിവാസവും സഹായവും ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.

ഡിസംബർ 22 ന് പുലർച്ചെ നാല് മണിക്കാണ് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ കുടിയൊഴിപ്പിക്കൽ നടന്നത്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയാണ് മുന്നൂറിലേറെ വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസ് മാർഷലും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു. 150ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു പൊളിച്ചുമാറ്റൽ.

Content Highlights: Siddaramaiah and dk shivakumar reacts on karnataka bulldozer raj

To advertise here,contact us