ബാഗേശ്വർ ബാബയെ കണ്ടയുടൻ ഷൂ ഊരിവച്ചു, കാൽതൊട്ട് വണങ്ങി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

റായ്പൂരില്‍ സര്‍ക്കാര്‍ അതിഥിയായി എത്തിയതായിരുന്നു മത പ്രഭാഷകനും ആള്‍ ദൈവവുമായ ബാഗേശ്വര്‍ ബാബ

റായ്പൂര്‍: ഡ്യൂട്ടിക്കിടെ ഹിന്ദുമത പ്രഭാഷകനും ആള്‍ ദൈവവുമായ ബാഗേശ്വര്‍ ബാബയുടെ കാല്‍തൊട്ട് വണങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. റായ്പൂരില്‍ സര്‍ക്കാര്‍ അതിഥിയായി എത്തിയതായിരുന്നു ബാഗേശ്വര്‍ ബാബ.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ടി ഐ മനീഷ് തിവാരിയാണ് ഔദ്യോഗിക ചുമതലകള്‍ മറന്ന് ബാബയുടെ കാല്‍തൊട്ട് വന്ദിച്ചത്. വിമാനത്തില്‍ നിന്നും ഇറങ്ങി വരുന്ന ബാഗേശ്വര്‍ ബാബയെ സല്യൂട്ട് ചെയ്ത ശേഷം ഇയാള്‍ ഷൂ അഴിച്ചുവച്ച് കാല്‍തൊട്ട് വന്ദിച്ച് സ്വീകരിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

തീവ്ര ഹിന്ദുത്വ പരാമര്‍ശങ്ങളും കലാപാഹ്വാനവുമായി വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ബാഗേശ്വര്‍ ബാബ. മധ്യപ്രദേശിലാണ് ബാഗേശ്വര്‍ ബാബയുടെ മഠമെങ്കിലും ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ധാരാളം ആളുകള്‍ പ്രഭാഷണം കേള്‍ക്കുന്നതിനും മറ്റുമായി എത്താറുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി നേതാക്കളും തീവ്രഹിന്ദുത്വ സംഘടനകളുമാണ് ബാബയുടെ പരിപാടികളുടെ സംഘാടകരെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight; Bageshwar Baba Arrives in Raipur; Policeman Seen Removing Shoes to Touch His Feet

To advertise here,contact us