നാല് മാസം മുമ്പ് തോക്കും കത്തിയും കരുതി; ഐടി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ

ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുകന് സംശയമുണ്ടായിരുന്നു

ബെംഗളൂരു: ഡിവോഴ്‌സ് നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ്. താനുമായി അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ കൊലപ്പെടുത്താനായി നാലുമാസം മുന്‍പുതന്നെ തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രതിയായ ബാലമുരുകന്‍ വാങ്ങിയിരുന്നു.

ഭാര്യയെ കൊല്ലാനായി ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

2011ലാണ് ഭുവനേശ്വരിയും ബാലമുരുകനും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് എട്ടാംക്ലാസില്‍ പഠിക്കുന്ന മകനും യുകെജി വിദ്യാര്‍ഥിനിയായ മകളും ഉണ്ട്. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന ബാലമുരുകന്റെ സംശയത്തിനെ തുടര്‍ന്ന് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഭാര്യ മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതുപോലും ഇയാള്‍ സംശയത്തോടെയാണ് കണ്ടത്.

കുട്ടികളുണ്ടായശേഷവും ദമ്പതിമാര്‍ക്കിടയിലെ വഴക്ക് രൂക്ഷമായി. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബാലമുരുകന്‍ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് ഭുവനേശ്വരി അകന്നുകഴിയാന്‍ തീരുമാനിച്ചത്.

മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്ന ബാലമുരുകൻ കഴിഞ്ഞ നാല് വര്‍ഷമായി തൊഴില്‍ രഹിതനായിരുന്നു.

39 കാരിയായ ഭുവനേശ്വരി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നിന്നുള്ളവരാണ് ഇരുവരും. രാജാജിനഗറില്‍ കുട്ടികള്‍ക്കൊപ്പമായിരുന്നു ഭുവനേശ്വരി താമസിച്ചിരുന്നത്.

ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുകന് ഡിവോഴ്സ് നോട്ടീസ് അയച്ചത്. കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. ചൊവ്വാഴ്ച, ബാലമുരുകന്‍ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങിവരുന്നതുവരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ ഷാന്‍ഭോഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

Content Highlights: software engineer planned to kill his wife

To advertise here,contact us