ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു

വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്

ന്യൂഡല്‍ഹി: ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില.

വില കൂടിയതിന്റെ അമ്പരപ്പിലാണ് ഉപഭോക്താക്കളും കടയുടമകളും. ഇതാദ്യമായാണ് ശൈത്യകാല മാസങ്ങളില്‍ മുട്ടയ്ക്ക് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. സാധാരണയായി ഏഴ് രൂപയ്ക്കും ഒമ്പത് രൂപയ്ക്കും ഇടയില്‍ വില്‍ക്കുന്ന വില ഈ വര്‍ഷം മുന്‍കാല റെക്കോര്‍ഡുകള്‍ മറികടന്നാണ് കുതിച്ചത്. ഇനിയും വില ഉയരുമോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച്, പല വിപണികളിലും മുട്ട വില 25 മുതല്‍ 50% വരെ ഉയര്‍ന്നിട്ടുണ്ട്. ശൈത്യകാലം തീരാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ, വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തെ വിലക്കയറ്റം പെട്ടെന്നല്ലെന്നാണ് കോഴിവളര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം, ചില പ്രദേശങ്ങളിൽ വിതരണം വളരെ കുറവായിരുന്നതിനാൽ ഉപഭോക്താക്കൾക്ക് മുട്ട ലഭിച്ചിരുന്നില്ല. കോഴി കർഷകർക്ക് വളരെക്കാലമായി കുറഞ്ഞ വിലയ്ക്കാണ് മുട്ട വിൽക്കാൻ സാധിച്ചിരുന്നത്. ഇതിനൊരു പരിഹാരമായാണ് ഈ വർഷത്തെ ഉയർന്ന വിലയെ ചിലർ കാണുന്നത്. ആവശ്യകത ഉയർന്നതാണ് വിലക്കയറ്റത്തിന് പിന്നിലെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്.

കോഴി കർഷകർക്ക് ഈ നിരക്കുകൾ ആശ്വാസം നൽകുന്നുണ്ടെന്ന് പൗൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് രൺപാൽ ധന്ദ പറയുന്നു. വർഷങ്ങളായി, കോഴിത്തീറ്റച്ചെലവ് ഉയർന്ന നിലയിൽ തുടരുകയും മുട്ടയുടെ വില താഴ്ന്ന നിലയിൽ തുടരുകയുമായിരുന്നു. അതോടെ പല കർഷകരും കോഴിഫാമുകൾ അടച്ചുപൂട്ടി. ഇത് ഉത്പാദനം കുറയാൻ കാരണമായി.

കോഴിത്തീറ്റയിലെ പ്രധാന ചേരുവകളായ ചോളം, സോയാബീൻ എന്നിവയുടെ വില ഏതാണ്ട് എല്ലാ വർഷവും ഉയരുന്നുണ്ടെങ്കിലും മുട്ടയുടെ വില ഉയരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് വർദ്ധനവ് ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞവയിൽ ഒന്നാണ് ഇന്ത്യയിലെ മുട്ടകൾ.

Content Highlights: egg prices crossing Rs 8 in many Indian cities this winter

To advertise here,contact us