മുംബൈ: വർഷങ്ങൾ നീണ്ട പിണക്കം അവസാനിപ്പിച്ച് താക്കറെ സഹോദരന്മാർ കൈകൊടുക്കുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുൻപിൽകണ്ടാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയും കൈകൊടുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടായേക്കും.
ജനുവരി 15നാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്. കോൺഗ്രസുമായി സഖ്യമില്ലാതെയാണ് താക്കറെമാർ മത്സരിക്കുക. കോൺഗ്രസുമായി ഒരു ചർച്ചയുമില്ലെന്നും എന്നാൽ ശത്രുത ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധിക്കുമെന്നും ഉദ്ധവ് ശിവേസന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ആവശ്യമെങ്കിൽ മാത്രം തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
ഒറ്റയ്ക്ക് മത്സരിക്കുന്നതിൽ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. രാജ് താക്കറെയുടെ കാര്യത്തിൽ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും ആവശ്യമെങ്കിൽ ഉദ്ധവ് സേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ പോലും തയ്യാറാണെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്. ഭാഷയുടെയും മതത്തിന്റെയും പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നവരിൽ നിന്ന് തങ്ങൾ ഇപ്പോഴും അകന്നുനിന്നിട്ടുണ്ടെന്നും ആ അകലം തുടർന്നും തങ്ങൾ നിലനിർത്തുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. എൻസിപി ശരദ് പവാർ വിഭാഗവുമായി ചിലപ്പോൾ സഖ്യമുണ്ടാക്കിയേക്കുമെന്നും വ്യക്തത വരാൻ കുറച്ച് ദിവസങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് അംബേദ്കറുടെ വഞ്ചിത ബഹുജൻ അഘാടിയും കോൺഗ്രസുമായി സഖ്യ ചർച്ചകൾ നടത്തിവരികയാണ്.
ഇങ്ങനെയെല്ലാമിരിക്കെ, മാന്യമായ സീറ്റ് വിഹിതം ലഭിക്കുകയാണെങ്കിൽ താക്കറെ സഹോദരന്മാരുമായി കൈകൊടുക്കാനും എൻസിപി ശരദ് പവർ വിഭാഗത്തിന് പദ്ധതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 50 മുതൽ 55 സീറ്റുകൾ വരെ ശരദ് പവാർ എൻസിപി ആവശ്യപ്പെട്ടുവെന്നും 10-15 സീറ്റുകൾ വരെ നൽകാമെന്ന് താക്കറെ സഹോദരന്മാർ സമ്മതിച്ചതായുമാണ് റിപ്പോർട്ടുകൾ.
നിയമസഭാ തെരഞ്ഞെടുപ്പിലേത് പോലെ ഒറ്റക്കെട്ടായി മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മഹാ വികാസ് അഘാടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാജ് താക്കറെയുമായുള്ള സഖ്യം കൂടി മുൻപിൽ കണ്ട കോൺഗ്രസ് ഇതിൽ നിന്ന് പിന്തിരിയുകയായിരുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാമെന്ന് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നിരസിച്ചു.
2024 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. മഹാ വികാസ് അഘാടി സഖ്യത്തിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പിന്നാലെ അർധസഹോദരന്മാർ തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇരുവരെയും സംബന്ധിച്ച് വളരെ നിർണായകമാണ്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ ഇരുവർക്കുമുള്ള സ്വാധീനം എത്രയെന്ന് നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം. മറാത്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും തങ്ങളുടെ നിലപാട് എന്ന് ഇരുവരും അറിയിച്ചുകഴിഞ്ഞു.
Content Highlights: Uddhav and Raj Thackeray reunion official declaration today