ആഫ്രിക്കൻ വംശജന്‍ ഹിന്ദി സംസാരിക്കണമെന്ന് ഭീഷണി: ഒടുവില്‍ മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ

ഹിന്ദി അറിയാത്തതിന്റെ പേരിലാണ് ആഫ്രിക്കൻ വംശജനെ രേണു ഭീഷണിപ്പെടുത്തിയത്

ന്യൂ ഡൽഹി: ഹിന്ദി അറിയാത്തതിന് ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ രേണു ചൗധരി. പാർട്ടി ശാസിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചിലുമായി നേതാവ് രംഗത്ത് എത്തിയത്. പാർട്ടിയുടെ ഡൽഹി നേതൃത്വം സംഭവത്തിൽ രേണുവിനോട് വിശദീകരണം തേടിയിരുന്നു.

പത്പർഗഞ്ച് വാർഡില്‍ നിന്നുള്ള കൗൺസിലറാണ് രേണു ചൗധരി. മുനിസിപ്പൽ പാർക്കിൽ കുട്ടികൾക്ക് ഫുടബോൾ പരിശീലനം നൽകിവരികയായിരുന്ന ആഫ്രിക്കൻ വംശജനെയാണ് രേണു ഭീഷണിപ്പെടുത്തിയത്. 15 വർഷത്തോളം ഈ രാജ്യത്തുണ്ടായിട്ടും ആഫ്രിക്കൻ വംശജൻ ഹിന്ദി പഠിച്ചില്ല എന്നതായിരുന്നു രേണുവിന്റെ ഭീഷണിക്ക് കാരണം. 'നിങ്ങൾ ഇനിയും ഹിന്ദി പഠിച്ചില്ല അല്ലെ? ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കിൽ ഈ പാർക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല' എന്നായിരുന്നു രേണുവിന്‍റെ ഭീഷണി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഇവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നും അവർ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ സമയത്ത് ചുറ്റുമുള്ളവർ ചിരിച്ചപ്പോൾ രേണു ദേഷ്യത്തോടെ അവരോട് മിണ്ടാതെയിരിക്കാൻ പറയുന്നുണ്ട്. ' ഞാൻ വളരെ സീരിയസ് ആയാണ് സംസാരിക്കുന്നത്. ഞാൻ ഇയാളോട് എട്ട് മാസം മുൻപേ ഹിന്ദി പഠിക്കാൻ പറഞ്ഞതാണ്. ഈ രാജ്യത്തുനിന്ന് നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടങ്കിൽ, നിങ്ങൾ ഈ രാജ്യത്തെ ഭാഷയും പഠിച്ചിരിക്കണം' എന്നും രേണു പറയുന്നതായി കാണാം.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തിയിരുന്നു. പാർക്ക് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ആഫ്രിക്കൻ വംശജനോട് കോർപ്പറേഷന് പണം നൽകാൻ ആവശ്യപ്പെട്ടെന്നും തുടർന്നുണ്ടായ കാര്യങ്ങളാണ് വീഡിയോയിൽ കണ്ടത് എന്നുമായിരുന്നു രേണുവിന്റെ വിശദീകരണം. എട്ട് മാസം മുൻപ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഹിന്ദി അറിയില്ല എന്നാണ് ഇയാൾ പറഞ്ഞത്. അതിനാല്‍ കോർപ്പറേഷൻ അധികൃതർക്ക് ഇയാളോട് വേണ്ട രീതിയിൽ സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്നും ഹിന്ദി അറിയില്ല എന്നാണ് അയാൾ പറയുന്നത് എന്നും അതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുമാണ് രേണു പറഞ്ഞത്.

Content Highlights: BJP councillor apologises for threatening african national on not learning hindi

To advertise here,contact us