ബെംഗളൂരു മെട്രോ 175 കിലോമീറ്ററിലേക്ക്, 2027 ഓടെ പ്രാവര്‍ത്തികമാക്കും: പ്രഖ്യാപനവുമായി ഡി കെ ശിവകുമാര്‍

നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്നും ഇതിലൂടെ നേട്ടങ്ങളുണ്ടായെന്നും ഡി കെ ശിവകുമാർ

ബെംഗളൂരു: 2027 ഡിസംബറോടെ ബെംഗളൂരുവിലെ മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥരുമായി മെട്രോ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ബെംഗളൂരുവില്‍ നിലവില്‍ 96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ മെട്രോ ലൈനുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്നും ഇതിലൂടെ നേട്ടങ്ങളുണ്ടായെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

'19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈനില്‍ പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. പൊലീസിന്റെ കണക്കുകള്‍ പ്രകാരം ഇതിലൂടെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഏകദേശം 30% കുറഞ്ഞു,' അദ്ദേഹം പറഞ്ഞു.

2026-ല്‍ 41 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ കമ്മീഷന്‍ ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു. 'ഇതോടെ ബെംഗളൂരുവിന്റെ മെട്രോ ശൃംഖല 175 കിലോമീറ്ററിലെത്തും. തവരേക്കരെ, ഹൊസക്കോട്ടെ, ബിഡദി, നെലമംഗല എന്നിവിടങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റി വ്യാപിപ്പിക്കാനും ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന 'നമ്മ മെട്രോ'യുടെ മൂന്നാം ഘട്ടം പുനരാരംഭിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഡബിള്‍ ഡെക്കര്‍ ഇടനാഴി ഉള്‍പ്പെടുന്ന മൂന്നാം ഘട്ട പദ്ധതിയുടെ ടെന്‍ഡറുകള്‍ അടുത്ത മാസം ആദ്യം വിളിക്കുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

'ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി മൂന്നാം ഘട്ടം ഞങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അധിക ഭൂമി ഏറ്റെടുത്ത് മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ഘട്ടത്തിന്റെ പദ്ധതി ചെലവ് 25,311 കോടിയാണെന്നും അതില്‍ 15,600 കോടി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി വഴി ലഭിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

Content Highlights: Bengaluru metro network to reach 175 km by December 2027 says D K Shivakumar

To advertise here,contact us