ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഗംഗയിലും ഓടയിലും തള്ളി; യുവതിയും ആൺസുഹൃത്തും പിടിയിൽ

ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം

സംഭൽ: ഭർത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും സഹായിയായ ആൺ സുഹൃത്തും പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഡിസംബർ 15ന് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കയ്യും തലയും വേർപ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ചോദ്യം ചെയ്യലിൽ ഭാര്യ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.

ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പുവരുത്തിയതിന് പിന്നാലെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരഭാഗങ്ങൾ രാജ്ഘട്ടിലെത്തിച്ച് ഗംഗയിൽ ഒഴുക്കി. ചില ഭാഗങ്ങൾ അഴുക്കുചാലിലും തള്ളുകയായിരുന്നു.

ആൺസുഹൃത്തുമായുള്ള ബന്ധത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്തി. ഇതിനിടെ രാഹുലിന്റെ ഫോൺ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.ഇതിനിടെയാണ് മൃതദേഹാവശിഷ്ടവും കണ്ടെത്തിയത്. ശരീരം മുറിക്കാൻ ഉപയോഗിച്ച ഉപകരണവും മർദിക്കാനുപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Content Highlights: up women and lover arrested on kill husband

To advertise here,contact us